കെഎസ്ആർടിസി ബസ് ഡ്രൈവറെ നാട്ടുകാർ നോക്കിനിൽക്കെ മർദിച്ചതായി പരാതി
1594656
Thursday, September 25, 2025 7:05 AM IST
വൈക്കം: റോഡിലെ വൻ കുഴിയിൽ ചാടി മൂന്നോട്ടുവന്ന കെഎസ്ആർടിസി ബസിന്റെ പിൻഭാഗം പോലീസ് ജീപ്പിന്റെ കണ്ണാടിയിൽ ഉരസിയതിനെത്തുടർന്ന് അഡീഷണൽ എസ്ഐ കെഎസ്ആർടിസി ബസ് ഡ്രൈവറെ നാട്ടുകാർ നോക്കിനിൽക്കെ മർദിച്ചതായി പരാതി.
മർദനത്തെത്തുടർന്ന് കവിളിലും കണ്ണിലും വേദന അനുഭവപ്പെട്ട മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ കെ.പി. വേലായുധനെ (48) വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാർ-വൈക്കം-ആലപ്പുഴയായി സർവീസ് നടത്തുന്ന ബസ് ഇന്നലെ ഉച്ചയ്ക്ക് 11.40ന് തലയാഴം കൃഷിഭവനു മുന്നിലെ വൻകുഴി മറികടക്കുമ്പോഴായിരുന്നു സംഭവം. റോഡിലെ കുഴികളിൽവീണ് ആളപായവും നിരവധിപേർക്ക് പരിക്കും ഉണ്ടായതിനെത്തുടർന്ന് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനു സമീപം റോഡ് ഉപരോധം നടന്നതിനാൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു.
അപകടത്തെത്തുടർന്ന് നിർത്തിയ ബസിലെ ഡ്രൈവറെ പിടിച്ചിറക്കി അടിച്ചശേഷം പോലീസ് വാഹനത്തിന്റെ പിന്നിലെത്തിച്ചും മർദനം തുടർന്നെന്ന് ബസ് ഡ്രൈവർ കെ.പി. വേലായുധൻ ആരോപിച്ചു. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 21 പേരും വടക്കേ ഇന്ത്യയിൽനിന്നുള്ളവരായിരുന്നു. പിന്നാലെ വന്ന ആലപ്പുഴ ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. ബസിൽ യാത്ര ചെയ്തിരുന്ന ചേർത്തല സ്വദേശി തണ്ണീർമുക്കം പുത്തനങ്ങാടിയിലെ വീട്ടിൽനിന്നു കാർ വരുത്തി, ബസ് കണ്ടക്ടർ അനൂപിന്റെയും മറ്റും സഹായത്തോടെയാണ് വേലായുധനെ ആശുപത്രിയിലാക്കിയത്.
കെഎസ്ആർടിസി വൈക്കം എടിഒ കെഎസ്ആർടിസി സിഎംഡിയേയും മന്ത്രിയുടെ ഓഫീസിനേയും വിവരംധരിപ്പിച്ചു. കെഎസ്ആർടിസി അധികൃതർ ആരോപണവിധേയനായ വൈക്കം ഗ്രേഡ് എസ്ഐ ജോർജിനെതിരേ നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്നറിയിച്ചു. മർദനത്തിനിരയായ ഡ്രൈവർ വേലായുധൻ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇന്നലെ വൈകുന്നേരത്തോടെ പോയി.