പുഞ്ചക്കൃഷിക്കായി നിലമൊരുങ്ങുന്നു : തിരിച്ചടിയായി നീരൊഴുക്ക് നിലച്ച തോടുകൾ
1594351
Wednesday, September 24, 2025 7:32 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്തിലെ പാടശേഖരങ്ങൾ പുഞ്ചക്കൃഷിക്കായി ഒരുങ്ങുന്പോൾ തിരിച്ചടിയായി നീരൊഴുക്കു നിലച്ച തോടുകൾ. വൈക്കത്ത് കൃഷിനിലം പൂർണമായി വിനിയോഗിക്കുന്ന പഞ്ചായത്താണ് തലയോലപ്പറമ്പ്.
അരയേക്കറും ഒരേക്കറുമൊക്കെ നിലമുള്ളവരാണ് കർഷകരിൽ ഭൂരിഭാഗവും. തലയോലപ്പറമ്പിലെ 17 പാടശേഖരങ്ങളിലായി 1,800 ഏക്കറിലാണ് നെൽക്കൃഷി. ഇതിൽ 124 ഏക്കർ വിസ്തൃതിയുള്ള പൊന്നുരുക്കും പാറ, സമീപ പാടശേഖരങ്ങളായ 180 ഏക്കർ വരുന്ന വടേക്കേപ്പുതുശേരി, 125ഏക്കർ വരുന്ന നടുക്കരി, 95 ഏക്കർ വരുന്ന തെക്കേക്കരി, ആലങ്കേരി,മനയ്ക്കകരി തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം നിലമൊരുക്കൽ പുരോഗമിക്കുകയാണ്.
ഇതിനിടെ, തോടുകൾ പായലും പോളയും പുല്ലും വളർന്നു തിങ്ങി നീരൊഴുക്ക് നിലച്ചതു കാർഷിക മേഖലയ്ക്കു തിരിച്ചടിയാവുകയാണ്. തലയോലപ്പറമ്പിന്റെ പടിഞ്ഞാറൻ മേഖലയിൽ പൊന്നുരുക്കുംപാറ, വടക്കേ പുതുശേരി, തെക്കേപുതുശേരി എന്നീ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ഇടക്കേരി - പൊന്നുരുക്കുംപാറ തോടാണ് പോളയും പുല്ലും വളർന്നു നീരൊഴുക്കു നിലച്ചത്. മൂവറ്റുപുഴയാറിൽനിന്നാരംഭിക്കുന്ന ഈ തോട് കരിയാറിലാണ് സംഗമിക്കുന്നത്. ഈ മൂന്നു പാടശേഖരങ്ങളിലേക്കും ഇപ്പോൾ വെള്ളം എത്തിക്കാനാവുന്നില്ല.
തോട്ടിലെ തടസം നീക്കാൻ അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല. തോടുകളിലെ മാലിന്യങ്ങൾ നീക്കി ആഴം കൂട്ടി നീരൊഴുക്ക് ശക്തമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
തോട് ഉടൻ ആഴം കൂട്ടും
കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി തോടുകളിലെ മാലിന്യം നീക്കി നീരൊഴുക്ക് സാധ്യമാക്കാനും പുറം ബണ്ട് ഉയർത്താനുമായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പണികൾ ഉടൻ തുടങ്ങും.
നടുക്കരി പാടശേഖരത്തിന്റെ സാഹചര്യം മെച്ചപ്പെടുത്താനും പാടശേഖരങ്ങളുമായി ബന്ധപ്പെട്ട തോട് കരിയാർ വരെ തെളിക്കാനും ഒരു കോടി രൂപയുടെ പദ്ധതിയും നടപടിക്രമം പൂർത്തിയാക്കി വൈകാതെ തുടങ്ങും.
വി.കെ. രവി
മുൻപഞ്ചായത്ത് അംഗം
തലയോലപ്പറമ്പ്