ജനവാസ കേന്ദ്രത്തില്‍ പാറമട തുടങ്ങാന്‍ ശ്രമം; പ്രതിഷേധവുമായി നാട്ടുകാര്‍
1594686
Thursday, September 25, 2025 11:41 PM IST
പാറത്തോട്: പഞ്ചായത്തിലെ ഒമ്പത്, 12, 13 വാര്‍ഡുകളിലെ ജനവാസ മേഖലയ്ക്ക് നടുവിലായി പാറമടകള്‍ തുടങ്ങുവാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. ഇടക്കുന്നം സിഎസ്ഐ ഉന്നതിയിലെ പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ നിരവധി ആള്ക്കാര് തിങ്ങിപ്പാര്ക്കുന്നതിനു സമീപത്താണ് നാലു പാറമടകള്‍ തുടങ്ങാന്‍ നീക്കം നടക്കുന്നത്. പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരേ ഇടക്കുന്നം സിഎസ്ഐ പാരിഷ് ഹാളില്‍ നടന്ന പ്രതിഷേധ യോഗം സെന്റ് തോമസ് പള്ളി വികാരി ഫാ. മേബിള്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇടക്കുന്നം ഊരുകൂട്ടം പ്രസിഡന്റ് ബേബി പൗലോസ് വാക്കയില്‍ അധ്യക്ഷത വഹിച്ചു. ഇടക്കുന്നം കുരിപ്പാറ പള്ളി ഇമാം ടി.കെ. സുബൈര്‍ മൗലവി, ഹിദായത്തുല്‍ മുസ്ലിം ജമാഅത്ത് ഉസ്താദ് ഹംസ മൗലവി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ടി.ജെ. മോഹനന്, ഐടിഡിപി ഓഫീസര്‍ ജയേഷ്, വാര്‍ഡ് മെംബര്‍മാരായ കെ.യു. അലിയാര്, സുമിന അലിയാര്, ജോസ്ന ജോസ്, ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിസ്ഥിതി പ്രവര്ത്തകന് നോയല്‍ വി. സാമുവേല്‍ ക്ലാസ് നയിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനഞ്ച് അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.