അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1594654
Thursday, September 25, 2025 6:40 AM IST
വൈക്കം: റോഡിലെകുഴികൾ നിറഞ്ഞ ഭാഗത്ത് നിയന്ത്രണംവിട്ട സ്കൂട്ടറുകൾ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
ടിവി പുരം മൂത്തേടത്തുകാവ് നടുവിലെ പുത്തൻതറ വീട്ടിൽ വിജയന്റെ മകൻ വിഷ്ണു (28) വാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ന് വൈക്കം -വെച്ചൂർ റോഡിലെ മാരാംവീടിനു സമീപമായിരുന്നു അപകടം.
ജോലി കഴിഞ്ഞ് സുഹൃത്തുക്കൾ രണ്ടു സ്കൂട്ടറുകളിലായി വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിഷ്ണു, സ്കൂട്ടർ യാത്രികരായ അഭിജിത്ത്, പ്രിയങ്കൻ, അഭിജിത്ത് എന്നിവരെ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഏഴോടെയാണ് വിഷ്ണു മരിച്ചത്. മാതാവ്: വത്സല .സഹോദരി: വിദ്യ. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.