സിനിമ ഡിജിറ്റലൈസ്ഡ് ആകുന്നത് പുതുതലമുറയ്ക്കു നല്ലത്: ഷെഹ്നാദ് ജലാൽ
1594663
Thursday, September 25, 2025 7:05 AM IST
ചങ്ങനാശേരി: സിനിമ ഡിജിറ്റലൈസ്ഡ് ആയതോടെ ഈ മേഖലയിലേക്കെത്തുന്ന പുതുതലമുറയ്ക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായെന്നു ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാൽ.
മുന്പ് ഫിലിം ഇൻസ്റ്റിറ്റ്യൂകളിൽ പഠിച്ചിരുന്നവർക്ക് മാത്രമാണ് ഇത് സാധ്യമായിരുന്നതെന്നും, ഇത് പലർക്കും മുഖ്യധാരയിലേക്ക് പെട്ടെന്ന് കടന്നുവരുന്നതിനു പ്രതിസന്ധി ആയിരുന്നുവെന്നും സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവെല്ലിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ ഭ്രമയുഗം പ്രദർശിപ്പിച്ചു. കോമ്പറ്റീഷൻ, സ്റ്റുഡന്റ്സ് കോർണർ, ഡിറക്ടേഴ്സ് കോർണർ, അലുമ്നി വിഭാഗങ്ങളിലായി ഇന്ന് 13 ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ഫെസ്റ്റിന്റെ അവസാന ദിനമായ നാളെ പ്രസന്ന വിധാനഗേയുടെ "പാരഡൈസ്' പ്രദർശിപ്പിക്കും. തുടർന്ന് നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
ചടങ്ങിൽ ശ്രീലങ്കൻ സംവിധായകനും തിരക്കഥാകൃത്തുമായ പ്രസന്ന വിധാനഗേ, സംവിധായിക വിധു വിൻസെന്റ്, ഫിപ്രസി-ഇന്ത്യ ജനറൽ സെക്രട്ടറിയും എഫ്എഫ്എസ്ഐ വൈസ് പ്രസിഡന്റും ചലച്ചിത്ര നിരൂപകനുമായ പ്രേമേന്ദ്ര മജൂംദാർ എന്നിവർ മുഖ്യാതിഥികളായിരിക്കും.