നവംബറില്‍ ഉയരും, തെരഞ്ഞെടുപ്പ് ആരവം
1594691
Thursday, September 25, 2025 11:41 PM IST
കോട്ടയം: നവംബര്‍ ആദ്യവാരം തുടങ്ങും തദ്ദേശ തെരഞ്ഞെടുപ്പ് ആരവം. അണിയറയില്‍ മൂന്നു മുന്നണികളിലും ചര്‍ച്ചകള്‍ തുടങ്ങി. സ്ഥാനമോഹികള്‍ പൊതുരംഗത്ത് സജീവ സാന്നിധ്യം അറിയിച്ചുതുടങ്ങി.
നിലവില്‍ ജില്ലയില്‍ ആകെ 16,23,269 വോട്ടര്‍മാരുണ്ട്. 77,6362 പുരുഷന്മാരും 84,6896 സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 11 പേരുമാണു പട്ടികയിലുള്ളത്. അടുത്ത മാസം പട്ടികയില്‍ നേരിയ വര്‍ധനവുണ്ടാകും. ഒരു ജില്ലാ പഞ്ചായത്തും 72 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ആറ് നഗരസഭകളുമാണ് ജില്ലയിലുള്ളത്.
സ്ഥാനമോഹികള്‍ക്ക്
ടെന്‍ഷന്‍
ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പിനെക്കാള് പ്രധാനമാണ് അടുത്ത മാസം നടക്കുന്ന വാര്‍ഡുകളുടെ നറുക്കെടുപ്പ്. നറുക്കെടുപ്പില്‍ വാര്‍ഡ് സംവരണമായാല്‍ സ്ഥാനമോഹികള്‍ക്ക് മത്സരിക്കാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കണം. അതല്ലെങ്കില്‍ മറ്റൊരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകണം.
പട്ടിക ജാതി, വര്‍ഗ വിഭാഗത്തിന് സംവരണത്തിലോ ജനറലിലോ അവര്‍ക്ക് എവിടെയും മത്സരിക്കാം. പട്ടികജാതി, വര്‍ഗ വിഭാഗം സ്ത്രീകള്‍ ഏതു സീറ്റിലും മത്സരിക്കാന്‍ യോഗ്യരാണ്. തദ്ദേശത്തില്‍ പുരുഷന് സംവരണ സീറ്റില്ല.
തലനാട് പുതിയ
ഡിവിഷന്
ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷന് വര്‍ധിച്ച് 23 ഡിവിഷനുകളുണ്ട്. തലനാട് ഡിവിഷനാണ് പുതിയതായി രൂപീകരിച്ചത്. പഴയ മുണ്ടക്കയം, പൂഞ്ഞാര്‍ ഡിവിഷനുകളില്‍നിന്നുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് തലനാട്. പുതിയ ഡിവിഷനില്‍ 67,292 വോട്ടര്‍മാരുണ്ട്.
ഈരാറ്റുപേട്ട ബ്ലോക്കില്‍നിന്ന് മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, കല്ലേക്കുളം, പാതാമ്പുഴ, കളത്തുക്കടവ് എന്നീ സ്ഥലങ്ങളും കാഞ്ഞിരപ്പള്ളിയില്‍നിന്നു കൂട്ടിക്കലുമാണ് ഡിവിഷനില്‍ പുതിയ ഡിവിഷനില്‍ ചേര്‍ത്തത്. തലനാടിന്റെ സമീപ ഡിവിഷനുകള്‍ ഭരണങ്ങാനവും പൂഞ്ഞാറുമാണ്.
മറ്റു ഡിവിഷനുകളിലും അതിര്‍ത്തികള്‍ മാറി. എരുമേലി ഡിവിഷനിലായിരിക്കും ഇനി മണിമല പഞ്ചായത്ത്. കൂടാതെ വെള്ളാവൂര്‍ പഞ്ചായത്തിന്റെ ഭാഗങ്ങളും ചേര്‍ത്തു.