വൈക്കം-വെച്ചൂർ റോഡ് ഗതാഗതയോഗ്യമാക്കണം
1594655
Thursday, September 25, 2025 6:40 AM IST
വൈക്കം: അപകടങ്ങൾ പതിവാകുന്ന വൈക്കം -വെച്ചൂർ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരത്തിനൊരുങ്ങുന്നു. തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഗതാഗതയോഗ്യമല്ലാതായി.
റോഡിലെ വലിയ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായി. വലിയ കുഴികളിൽ മഴവെള്ളം നിറഞ്ഞുകിടക്കുന്നതുകൊണ്ട് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടാകുന്നു. റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ബിജെപി ശക്തമായ സമരപരിപാടികൾ ആരംഭിക്കും.
അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് സി.കെ. ആശ
വൈക്കം: വൈക്കം - വെച്ചൂർ റോഡിലെ അറ്റകുറ്റപ്പണികൾ അടുത്തദിവസം ആരംഭിക്കുമെന്ന് സി.കെ. ആശ എംഎൽഎ അറിയിച്ചു. റോഡിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് ജൂലൈ മാസത്തിൽ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് തിരുവല്ല കേരള റോഡ് ഫണ്ട് ബോർഡ് ഓഫീസിൽനിന്ന് ഈ പ്രവൃത്തി ടെൻഡർ ചെയ്യുകയും തുടർന്ന് ഒരു കോൺട്രാക്ടർ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ടെൻഡറുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ഈ ടെൻഡർ റദ്ദാക്കി പ്രവൃത്തി റീടെണ്ടർ ചെയ്തിരുന്നു. തുടർന്ന് പ്രവൃത്തി ഏറ്റെടുത്ത കോൺട്രാക്ടറും കേരള റോഡ് ഫണ്ട് ബോർഡുമായി എഗ്രിമന്റ് നടപടികൾ നടന്നുവരുകയാണ്. നടപടികൾ പൂർത്തിയാക്കി രണ്ടു ദിവസത്തിനകം നിർമാണപ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.
കോൺഗ്രസ് റോഡ് ഉപരോധിച്ചു
വൈക്കം: ആഴമേറിയ വൻ കുഴികൾ രൂപപ്പെട്ട് ആളപായവും നിരവധിപേർക്ക് അപകടങ്ങളിൽ പരിക്കും സംഭവിച്ചതിനെത്തുടർന്ന് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം - വെച്ചൂർ റോഡ് ഉപരോധിച്ചു.
തലയാഴം കൃഷിഭവനു മുന്നിലെ ചെളിവെള്ളം നിറഞ്ഞ വലിയ ഗർത്തത്തിൽ ചെറുവള്ളമിറക്കിയും കടലാസുവഞ്ചികൾ ഒഴുക്കിയുമാണ് കോൺഗ്രസ് പ്രവർത്തകർ ഉപരോധ സമരം നടത്തിയത്. മണ്ഡലം പ്രസിഡന്റ് വി. പോപ്പിയുടെ അധ്യക്ഷതയിൽ നടന്ന സമരം കെപിസിസി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു.
റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ എംഎൽഎയെ ഉപരോധിക്കുന്നടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൺവീനർ ബി. അനിൽകുമാർ, ഡിസിസി സെക്രട്ടറി അബ്ദുൽ സലാം റാവുത്തർ, ബ്ലോക്ക്ഭാര വാഹികളായ യു. ബേബി, എം. ഗോപാലകൃഷ്ണൻ, ജി. രാജീവ്, ടി.എ. മനോജ്,
ടി.എൻ. അനിൽകുമാർ, ബിനിമോൻ, ജെൽജിവ൪ഗീസ്, ബി.എൽ. സെബാസ്റ്റ്യൻ, പി.വി. വിവേക്, മണ്ഡലം വൈസ് പ്രസിഡന്റ് തങ്കച്ചൻ പൗവത്തിൽ, വിബിമോൻ, ഷോളി ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, മെംബമാരായ ഷീജ ഹരിദാസ്, കൊച്ചുറാണി, ഇ.വി. അജയകുമാർ തുടങ്ങിയവ൪ പ്രസംഗിച്ചു. പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.