ഭക്ഷണ വിതരണത്തിനിടെ ഓട്ടോയിൽനിന്നു പഴ്സ് മോഷണം പോയി
1594648
Thursday, September 25, 2025 6:40 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓട്ടോയുടെ പിന്നിൽനിന്ന് ഭക്ഷണം വിതരണം നടത്തിക്കൊണ്ടിരുന്നപ്പോൾ മുന്നിലെ ഡാഷിൽനിന്നും ഓട്ടോ ഡ്രൈവറുടെ പഴ്സ് മോഷ്ടിച്ചു.
നവജീവൻ ട്രസ്റ്റ് ദിവസേന വൈകുന്നേരം ബിരിയാണിയാണ് കാൻസർ വിഭാഗത്തിൽ വിതരണം ചെയ്യുന്നത്. ആർപ്പൂക്കര കൊച്ചുപറമ്പിൽ അജീഷാണ് തന്റെ ഓട്ടോയിൽ ബിരിയാണി കൊണ്ടുവരുന്നത്. അജീഷ് തന്നെയാണ് വിതരണം ചെയ്യുന്നതും. ഇന്നലെ വൈകുന്നേരം അഞ്ചിന് ഓട്ടോയിൽ ഭക്ഷണപ്പൊതിയുമായെത്തിയ അജീഷ് വാഹനം സൈഡിലേക്ക് മാറ്റി നിർത്തിയ ശേഷം ഇറങ്ങി ഭക്ഷണപ്പൊതി വിതരണം തുടങ്ങി.
വിതരണം ശേഷം ഡ്രൈവർ സീറ്റിലെത്തി ഡാഷ് തുറന്നപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരമറിയുന്നത്. പേഴ്സിൽ 4300 രൂപ, എടിഎം, ആധാർ, പാൻ കാർഡുകളും ലൈസൻസും ഉണ്ടായിരുന്നു. പഴ്സ് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം ഒരു രോഗിയുടെ കൂട്ടിരിപ്പുകാരന്റെ വലിയ തുക മോഷ്ടിക്കപ്പെട്ടിരുന്നു.