താഴത്തങ്ങാടി വള്ളംകളി
1594456
Wednesday, September 24, 2025 11:36 PM IST
കോട്ടയം: സംസ്ഥാന ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന ഒമ്പതു ചുണ്ടന് വള്ളങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗും വിവിധ ഗ്രേഡുകളിലുള്ള ചെറു കളിവള്ളങ്ങൾ പങ്കെടുക്കുന്ന 124-ാമത് ഗെയില്‍ കോട്ടയം ബോട്ട് റേസും സംയുക്തമായി താഴത്തങ്ങാടി ആറ്റില്‍ 27നു ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അരങ്ങേറും.
മുഖ്യസംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ്, ടൂറിസം വകുപ്പ്, കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഫിനിഷിംഗ് പോയിന്റിലുള്ള മുഖ്യപവലിയനില്‍ വിശിഷ്ടാതിഥികള്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ 350 പേര്‍ക്ക് വള്ളംകളി കാണാൻ സൗകര്യമുണ്ട്.
സ്റ്റിൽ സ്റ്റാർട്ട് സംവിധാനം
മത്സരങ്ങള്‍ക്ക് കൃത്യത ഉറപ്പാക്കാനുള്ള സ്റ്റില്‍സ്റ്റാര്‍ട്ട് സംവിധാനം, മൂന്ന് ട്രാക്കുകള്‍, ഫോട്ടോഫിനിഷ് സംവിധാനം എന്നിവ സിബിഎല്‍ ടീം ക്രമീകരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പതാക ഉയര്‍ത്തുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷതവഹിക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. 124-ാമത് കോട്ടയം മത്സര വള്ളംകളിയുടെ സുവനീര്‍ പ്രകാശനവും നടത്തും. 2.15നു ചുണ്ടന് വള്ളങ്ങളുടെ മാസ് ഡ്രില്ലും 2.45ന് ഹീറ്റ്സ് മത്സരങ്ങളും തുടര്‍ന്ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സും നടത്തും.
നാലിനു ചെറുവള്ളങ്ങളുടെയും തുടര്‍ന്നു ചുണ്ടന് വള്ളങ്ങളുടെയും ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും. അഞ്ചിന് ജില്ലാ കളക്ടര്‍ സമ്മാനദാനം നിര്‍വഹിക്കും.