ഇങ്ങനെ പോയാൽ റോഡ് വീടിനകത്താകും; പ്രതിഷേധവുമായി ഏഴ് കുടുംബങ്ങൾ
1594682
Thursday, September 25, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - മണിമല - കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണത്തിനെതിരേ വീട്ടുകാരുടെ പ്രതിഷേധവും പരാതിയും. കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ മണ്ണാറക്കയം ലക്ഷ്മീനാരായണ ക്ഷേത്രത്തിനു സമീപത്തുനിന്നു മണിമല ഭാഗത്തേക്കുള്ള 360 മീറ്റർ ഭാഗത്തെ റോഡ് നവീകരണത്തിനെതിരെയാണ് ഈ ഭാഗത്തു പുറമ്പോക്കിൽ താമസിക്കുന്ന ഏഴ് വീട്ടുകാർ പ്രതിഷേധമുയർത്തുന്നതും പരാതിയുമായി കോടതിയെ സമീപിച്ചതും.
വീടു പോകുമെന്നു പരാതി
ഈ ഭാഗത്ത് അശാസ്ത്രീയ അലൈൻമെന്റാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഇതുപ്രകാരം റോഡിനു വീതി കൂട്ടിയാൽ തങ്ങളുടെ വീടുകളുടെ അകത്തുകൂടി റോഡ് വരുമെന്നുമാണ് ഇവരുടെ ആരോപണം. തങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്നതിന്റെ എതിർഭാഗത്തു റോഡരികിലെ പൊതുമരാമത്ത് പുറമ്പോക്കു സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറി വച്ചിരിക്കുകയാണെന്നും ഇതു തിരിച്ചുപിടിച്ച് അവിടെ റോഡിനു വീതി കൂട്ടണമെന്നുമാണ് ഇവരുടെ ആവശ്യം.
നിലവിലുള്ള ടാറിംഗിന്റെ വീതി വർധിപ്പിച്ചു വശങ്ങളിൽ കോൺക്രീറ്റിംഗും നടത്തിയ ശേഷം ഓട നിർമിക്കണമെങ്കിൽ തങ്ങളുടെ വീടിനകത്തുകൂടി നിർമിക്കേണ്ട സ്ഥിതിയുണ്ടാകുമെന്നും ഇവർ പറയുന്നു.
സ്വകാര്യ വ്യക്തികൾക്കുവേണ്ടി കരാറുകാരനും ജനപ്രതിനിധികളും ഒത്തുകളിക്കുകയാണെന്നും ഇവർ ആരോപിച്ചു. ഇത്രയും ഭാഗത്തെ അശാസ്ത്രീയ നവീകരണ പ്രവർത്തനങ്ങളോടു മാത്രമാണ് തങ്ങൾക്ക് എതിർപ്പെന്നും ബാക്കിയുള്ള ഭാഗത്തെ നവീകരണത്തിന് എതിർപ്പില്ലെന്നും ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കെ.എസ്. വിജയകുമാർ, കെ.എച്ച്. ഹുസൈൻ, വി.പി. ജയകുമാർ, വിഷ്ണു രാമേശ്, വി. ഭാസ്കരൻ ഗോപാലകൃഷ്ണൻ, വി.സി. ജോസ്, പി.കെ. വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
‘വീടുകൾക്ക് നാശനഷ്ടമുണ്ടാകില്ല’
കാഞ്ഞിരപ്പള്ളി - മണിമല - കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണത്തിൽ മണ്ണാറക്കയം ഭാഗത്തെ ഏഴ് വീടുകൾക്ക് ഒരു നാശനഷ്ടമുണ്ടാകാതെയാണ് നിർമാണം നടത്തുന്നത്. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ തെറ്റിദ്ധാരണയുടെ പുറത്താണ് ഈ ഏഴു വീട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. - ഡോ.എൻ. ജയരാജ് എംഎൽഎ.
‘വീടുകളെ ബാധിക്കും’
നിലവിലെ റോഡ് നിർമാണം ബുദ്ധിമുട്ട് ഉണ്ടാക്കാതെയാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഭാവിയിൽ ഫുട്പാത്ത് നിർമാണം വരുന്പോൾ ഞങ്ങളുടെ വീടുകളെ ബാധിക്കും. മണ്ണാറക്കയം ലക്ഷ്മീനാരായണ ക്ഷേത്രത്തിനു സപം കാഞ്ഞിരപ്പള്ളിയിൽനിന്നു മണിമലയിലേക്കു പോകുന്പോൾ വലത്തുവശത്തുള്ള പുറന്പോക്ക് ഭൂമിയിലേക്കു റോഡ് കയറ്റി നിർമിക്കുകയാണെങ്കിൽ ഈ പ്രശ്നം തീരും. എന്നാൽ, അധികൃതർ അതിനു തയാറാകുന്നില്ല.
- അരുൺ ഗോപാലകൃഷ്ണൻ (നാട്ടുകാരൻ).