കാർഷികമേളയ്ക്കു കോഴാ ഒരുങ്ങി
1594458
Wednesday, September 24, 2025 11:36 PM IST
കോട്ടയം: കുറവിലങ്ങാട് കോഴായില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വിത്തുത്പാദന കേന്ദ്രവും ജില്ലാ കൃഷിത്തോട്ടവും സപ്തതി വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷികമേളയ്ക്കു കോഴാ ഒരുങ്ങി. ജില്ലാ പഞ്ചായത്തും സംസ്ഥാന കൃഷിവകുപ്പും ചേര്‍ന്ന് ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്തുത്പാദന കേന്ദ്രം, പ്രാദേശിക കാര്‍ഷിക പരിശീലന കേന്ദ്രം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് 27 മുതല്‍ 30 വരെ ഹരിതാരവം 2കെ25 എന്ന പേരില്‍ ഫാം ഫെസ്റ്റ് നടത്തുന്നത്. പ്രദര്‍ശന സ്റ്റാളുകള്‍, ഘോഷയാത്ര, സമ്മേളനം, സൗഹൃദസദസുകള്‍, ഭക്ഷ്യമേള, കലാസന്ധ്യ, പെറ്റ് ഷോ എന്നിവ സന്ദര്‍ശകര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.
മത്സരങ്ങള്‍, നെല്ല്, തെങ്ങ്, പച്ചക്കറി വിഷയങ്ങളിലുള്ള സെമിനാറുകള്‍, രുചിക്കൂട്ട് സംഗമം, കലാവിരുന്നുകള്‍ എന്നിവ നടക്കും. ഫെസ്റ്റ് 27ന് വൈകുന്നേരം നാലിന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 30നു വൈകുന്നേരം നാലിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 28ന് ഉച്ചകഴിഞ്ഞു രണ്ടിന് ഉഴവൂര്‍ ബ്ലോക്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഫാം തൊഴിലാളി-ഫാം ഓഫീസര്‍ സംഗമം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, അംഗങ്ങളായ മഞ്ജു സുജിത്, നിര്‍മല ജിമ്മി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി, ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ഹണി ലിസ ചാക്കോ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സീന ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.