വള്ളംകളി ഉത്സവമാക്കാൻ അടിപൊളി പരിപാടികൾ
1594651
Thursday, September 25, 2025 6:40 AM IST
കോട്ടയം: വള്ളംകളിയോടനുബന്ധിച്ചു നാളെ വൈകുന്നേരം 3.30ന് സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവല്കരണ പരിപാടികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ക്ലബ് അംഗങ്ങള്‍, സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍, കോട്ടയം ഹോട്ട് വീല്‍സ് റോളര്‍ സ്കേറ്റിംഗ് ടീം അവതരിപ്പിക്കുന്ന റോഡ്ഷോ ഉള്‍പ്പെടെയുള്ള സാംസ്കാരിക വിളംബര ഘോഷയാത വാദ്യമേളങ്ങളോടെ താഴത്തങ്ങാടി അറവുപുഴ ജംഗ്ഷനില്‍നിന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഫ്ളാഗ് ഓഫ് ചെയ്യും.
ഘോഷയാത്ര കുളപ്പുര മെയിന്‍ പവലിയന് വരെ ചെന്നു മടങ്ങി താഴത്തങ്ങാടി മാര്‍ ബസേലിയോസ് - മാര്‍ ഗ്രിഗോറിയോസ് പള്ളി അങ്കണത്തില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷതവഹിക്കും. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് സമാപന സന്ദേശം നല്‍കും.
വഞ്ചിപ്പാട്ട് മത്സരം
രാത്രി ഏഴു മുതല്‍ കുട്ടനാട്, ആലപ്പുഴ, കോട്ടയം പ്രദേശങ്ങളില്‍ നിന്നുള്ള പുരുഷ-വനിതാ വഞ്ചിപ്പാട്ട് ടീമുകള്‍ പങ്കെടുക്കും. ആറിന്റെ നടുവില്‍ വൈദ്യുതി ദീപാലങ്കാരങ്ങളാല്‍ പ്രശോഭിക്കുന്ന ബാര്‍ജില്‍ ക്രമീകരിച്ചിരിക്കുന്ന സ്റ്റേജിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍:
കലാക്ഷേത്ര സംഘം, നടുഭാഗം, നവഭാവന സംഘം, കൈനകരി, നടുഭാഗം സംഘം, നടുഭാഗം, ഉതൃട്ടാതി സംഘം, കുമാരനല്ലൂര്‍, അര്ജുന് അബി ആന്‍ഡ് ടീം, കുമരകം
വാഹന പാര്‍ക്കിംഗ്
മത്സര വള്ളംകളി ദിനമായ 27ന് അറവുപുഴ (സ്റ്റാര്‍ട്ടിംഗ് പോയിന്റ്) മുതല്‍ കുളപ്പുര (ഫിനിഷിംഗ് പോയിന്റ്) വരെ റോഡരികിലെ വാഹന പാര്‍ക്കിംഗ് പോലീസ് അധികാരികള്‍ നിരോധിക്കും. ടൗണില്‍ നിന്നുവരുന്ന വാഹനങ്ങള്‍ ഉപ്പൂട്ടിക്കവലയില് നിന്ന് വലത്തോട്ടു തിരിഞ്ഞ് വല്യങ്ങാടി വഴി കുളപ്പുര വരെയുള്ള റോഡിന്റെ ഒരുഭാഗത്തും, ഉപ്പൂട്ടിക്കവല മുതല്‍ ആലുംമൂട് വരെയുള്ള റോഡിന്റെ ഒരുഭാഗത്തുമായി പാര്‍ക്ക് ചെയ്യാം. കുമരകം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഇല്ലിക്കല്‍ മുതല്‍ അറവുപുഴ വരെ റോഡിന്റെ ഒരു ഭാഗത്ത് മാത്രം പാര്‍ക്ക് ചെയ്യാം.