ചോദ്യങ്ങളിൽ പതറാതെ സെബാസ്റ്റ്യന്‍; വിട്ടുകൊടുക്കാതെ പോലീസ്
1594693
Thursday, September 25, 2025 11:41 PM IST
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയില്‍ ലഭിച്ച സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തുതുടങ്ങി. ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതത്തിനപ്പുറം മറ്റു വിവരങ്ങളൊന്നും
വെളിപ്പെടുത്താൻ ഇയാൾ കൂട്ടാക്കുന്നില്ല. കൊലപാതകം എവിടെ, എങ്ങനെ,എപ്പോള്‍ എന്നതും മൃതദേഹാവശിഷ്ടങ്ങള്‍ എവിടെയെന്നതുമടക്കം സെബാസ്റ്റ്യനില്‍നിന്ന് അറിഞ്ഞെങ്കിൽ മാത്രമേ കേസ് മുന്നോട്ടുപോകൂ.
കോട്ടയം ക്രൈംബ്രാഞ്ചിന്റെ 100 മണിക്കൂറും കടന്ന ചോദ്യം ചെയ്യലുകള്‍ക്കു മുന്നിലും പതറാത്ത സെബാസ്റ്റ്യനെ എങ്ങനെ മെരുക്കാമെന്നതിലാണ് സംഘത്തിന്റെ വെല്ലുവിളികള്‍. ആദ്യദിന ചോദ്യം ചെയ്യലില്‍ സെബാസ്റ്റ്യന്‍ പതിവു രീതിയില്‍ നിസഹകരണത്തിലാണ്.
2006 വരെ പെൻഷൻ വാങ്ങി
2017ല്‍ പട്ടണക്കാട് പോലീസ് തുടങ്ങിയ അന്വേഷണമാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരുന്നത്. പ്രാഥമിക ഘട്ടം മുതല്‍ സെബാസ്റ്റ്യനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.
സഹോദരിയെ കാണാനില്ലെന്നു കാട്ടി ബിന്ദു പത്മനാഭന്റെ സഹോദരന് പ്രവീണ്‍കുമാര്‍ നല്കിയ പരാതിയിലും സെബാസ്റ്റ്യന്റെ പങ്കു ചൂണ്ടിക്കാട്ടിയായിരുന്നു. അന്വേഷണത്തില്‍ 2006 പകുതി വരെ അച്ഛന്റെ പേരിലുള്ള കുടുംബപെന്ഷന് ബിന്ദു ചേര്‍ത്തല ട്രഷറിവഴി കൈപ്പറ്റിയിരുന്നു. ഇതിനു ശേഷമാണ് ബിന്ദു കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് സംഘം. അച്ഛന്റെയും അമ്മയുടെയും മരണത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ട ബിന്ദു പത്മനാഭന് 2002 മുതല്‍ വസ്തുഇടനിലക്കാരനായ പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനുമായി പരിചയത്തിലായി.
പോലീസിന്റെ വീഴ്ച
ബിന്ദുവിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി വിറ്റതിലടക്കം ഇയാളായിരുന്നു ഇടനിലക്കാരന്. ബിന്ദു കൊല്ലപ്പെട്ടതായി കരുതുന്ന 2006നു ശേഷവും സെബാസ്റ്റ്യന്‍ ബിന്ദുവിന്റെ പേരിലുള്ള വസ്തുക്കള്‍ വ്യാജരേഖകളുണ്ടാക്കി കച്ചവടം നടത്തിയതായി പറയുന്നു. ഏറ്റുമാന്നൂര്‍ സ്വദേശിനി ജയ്നമ്മയെ കൊലപ്പെടുത്തിയ കേസിലെ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ ബിന്ദുവിനെയും കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്.
2017ല്‍തന്നെ കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നെങ്കില്‍ ബിന്ദു പത്മനാഭന് കേസില്‍ സെബാസ്റ്റ്യന്‍ കുടുങ്ങുമായിരുന്നു. എന്നാല്‍, കാര്യമായ പരിശോധനകളോ അന്വേഷണമോ നടത്താതെ ഇയാളെ അന്നത്തെ പോലീസ് സംരക്ഷിച്ചെന്നാണ് ആരോപണം.
അന്നു സെബാസ്റ്റ്യനെ കുടുക്കിയിരുന്നെങ്കില് ജയ്നമ്മയുടെ ജീവന് നഷ്ടപ്പെടില്ലായിരുന്നു. സെബാസ്റ്റ്യന്റെ വീട്ടില്‍ പോലും പേരിനു മാത്രമാണ് പരിശോധന നടത്തിയത്. പ്രാഥമിക അന്വേഷണത്തിലെ തെളിവുകളുടെ അഭാവമാണ് തുടരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനും വെല്ലുവിളിയായത്.