വിവര്‍ത്തനം വിശ്വബോധവും മാനവികതയും വളര്‍ത്തുന്നു: ഡോ. ആര്‍സു
1594676
Thursday, September 25, 2025 11:41 PM IST
പാലാ: വിവര്‍ത്തനമാണ് വിശ്വബോധവും മാനവികതയും വളര്‍ത്തുന്നതെന്നും ഭാഷാപരമായ അപരിചിതത്വം മാറ്റി ഉല്‍കൃഷ്ട കൃതികളുടെ വിവര്‍ത്തനം ഭാഷാ ഭിത്തികളെ തകര്‍ത്ത് വീക്ഷണം വിശാലമാക്കുന്നുവെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം മുന്‍ പ്രഫസറും ഭാഷാ സമന്വയവേദി അധ്യക്ഷനുമായ ഡോ. ആര്‍സു അഭിപ്രായപ്പെട്ടു.
പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഭാഷാ സമന്വയ വേദിയുമായി സഹകരിച്ച് വിവര്‍ത്തനം തുറന്നിടുന്ന വാതിലുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറും വിവര്‍ത്തന ശില്പശാലയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താരതമ്യ പഠനം, സ്വാധീനതാ പഠനം, പുതിയ സാഹിത്യ ധാരകളുമായി പരിചയപ്പെടല്‍ എന്നിവ സാഹിത്യ വിവര്‍ത്തനത്തിലൂടെ കൈവരുന്ന നേട്ടങ്ങളാണെന്നും വിവര്‍ത്തകര്‍ സാംസ്കാരിക അംബാസഡര്‍മാരാണെന്നും ഡോ. ആര്‍സു അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം വിഭാഗങ്ങളിലെ വിദ്യാര്‍ഥികളും ഫാക്കല്‍ട്ടി അംഗങ്ങളും സെമിനാറില്‍ പങ്കാളികളായി.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. ജോമോള്‍ ജേക്കബ് രചിച്ച ബദലാവ് കാവ്യ സമാഹാരം പ്രകാശനം ചെയ്തു. ഡോ. ആര്‍സുവില്‍ നിന്ന് പ്രിന്‍സിപ്പല്‍ ആദ്യ പ്രതി ഏറ്റു വാങ്ങി. കോളജിന്റെ ജൂബിലി വര്‍ഷത്തില്‍ കോളജിലെ 75 വിദ്യാര്‍ഥികള്‍ ചേര്‍ന്നു ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് കഥകള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ചെറുകഥാ സമാഹരത്തിന്റെ ഭാഗമായി വിവര്‍ത്തന ശില്പശാലയും സംഘടിപ്പിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ കാപ്പിലിപറമ്പില്‍, കോളജ് ബർസാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ ഡോ. അനീഷ് സിറിയക്, ഐക്യൂഎസി കോഓര്‍ഡിനേറ്റര്‍ ഡോ. തോമസ് വി. മാത്യൂ, മലയാളം വിഭാഗം മേധാവി ഡോ. സോജന് പുല്ലാട്ട്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോബി ജോസഫ്, ഹിന്ദി വിഭാഗം മേധാവി ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.