അയ്യർകുളങ്ങരയിലെ പഴയ കുടിവെള്ള പദ്ധതിയുടെ കിണർ ഇടിഞ്ഞുതാണു
1594355
Wednesday, September 24, 2025 7:32 AM IST
വൈക്കം: വൈക്കം അയ്യർകുളങ്ങരയിൽ വാട്ടർ അഥോറിട്ടിയുടെ പഴയ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട കിണറുകളിലൊന്ന് ചെരിഞ്ഞ് താഴേയ്ക്കിരുന്നു. കുളത്തിനോടു ചേർന്നുള്ള രണ്ടു കിണറുകളിൽ തെക്കുഭാഗത്തുള്ള കിണറാണ് ഇന്നലെ രാവിലെ വടക്കുഭാഗത്തേക്ക് ചെരിഞ്ഞ് താഴേക്ക് ഇടിഞ്ഞിരുന്നത്.
45 വർഷം മുമ്പ് വൈക്കം നഗരത്തിലാകെ കുടിവെള്ളം വിതരണം ചെയ്തിരുന്നത് അയ്യർകുളങ്ങര കുടിവെള്ള പദ്ധതി മുഖേനയായിരുന്നു. മൂവാറ്റുപുഴയാറിൽനിന്ന് വെള്ളമെടുത്ത് വെള്ളൂരിലെ ശുദ്ധീകരണ പ്ലാന്റുവഴി വിതരണം ചെയ്തു വന്നതോടെ അയ്യർകുളങ്ങര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. റോഡരികിലെ കിണറിനു സമീപം ആളുകൾ വിശ്രമിച്ചിരുന്നതാണ്.
വാട്ടർ അഥോറിട്ടി അധികൃതരെത്തി കിണറിനു സമീപത്തുണ്ടായിരുന്ന പൈപ്പുകളും മറ്റും നീക്കി. താഴേക്ക് ഇടിയുന്ന ആഴമേറിയ കിണറിന്റെ സമീപത്ത് പോയി ആളപായമുണ്ടാകാതിരിക്കാൻ അധികൃതർ സുരക്ഷാ സംവിധാനമൊരുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.