വിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്രയ്ക്ക് സ്വീകരണം
1594454
Wednesday, September 24, 2025 11:36 PM IST
കാഞ്ഞിരപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സന്ദേശയാത്രയ്ക്ക് പേട്ടക്കവലയിൽ സ്വീകരണം നൽകി.
കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലീം സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടോമി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ആമുഖപ്രഭാഷണം നടത്തി.
കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ്, ജില്ലാ പ്രസിഡന്റ് ആർ. രാജേഷ്, യോഗേഷ് ജോസഫ്, മനോജ് വി. പോൾ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡാനി ജോസ്, സന്തോഷ് കുമാർ, നാസർ മുണ്ടക്കയം എന്നിവർ പ്രസംഗിച്ചു.
വികലമായ വിദ്യാഭ്യാസ പരിഷ്കരണങ്ങൾ അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണ കുടിശിക ഉടൻ അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ഉച്ചഭക്ഷണത്തുകയിലെ അപര്യാപ്തത പരിഹരിക്കുക, വിദ്യാഭ്യാസരംഗത്തെ പരീക്ഷണ പരിഷ്കരണങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സന്ദേശയാത്ര നടത്തിയത്.