മുട്ടപ്പള്ളിയിൽ കാട്ടുപന്നിക്കൂട്ടം തകർത്തതു അബ്ദുൾ കരീമിന്റെ ഉപജീവന പ്രതീക്ഷകൾ
1594451
Wednesday, September 24, 2025 11:36 PM IST
മുക്കൂട്ടുതറ: മുട്ടപ്പള്ളിയിൽ കാട്ടുപന്നിക്കൂട്ടം തകർത്തതു വയോധികനായ അബ്ദുൾ കരീമിന്റെ ഉപജീവന പ്രതീക്ഷകളെ. രണ്ടു മാസം കഴിഞ്ഞാൽ വിളവെടുക്കാൻ കഴിയുന്ന 200 മൂട് കപ്പയാണ് ഏതാനും സമയംകൊണ്ട് പന്നികൾ കുത്തിമറിച്ചു തകർത്തത്.
കഴിഞ്ഞ ദിവസം അർധരാത്രി രണ്ടിനാണ് പറമ്പിനു ചുറ്റുമുള്ള വല തകർത്തു കാട്ടുപന്നികൾ ഇരച്ചുകയറിയത്. വീടിനടുത്തുള്ള ഈ കൃഷിയിടത്തിൽ അതിനു തൊട്ടു മുമ്പുവരെ കാവലിരുന്ന ശേഷം ഉറങ്ങാൻ കിടന്നു കഴിഞ്ഞപ്പോഴാണ് പന്നികൾ എത്തിയതെന്നു വിഷമത്തോടെ അബ്ദുൾ കരീം പറയുന്നു. അയൽവാസികളിൽ പലരുടെയും കൃഷികൾക്കും നാശമുണ്ട്.
മുട്ടപ്പള്ളി ഗവൺമെന്റ് എൽപി സ്കൂളിന്റെ പുറകിലുള്ള കൊല്ലംതുണ്ടിപ്പറമ്പിൽ അബ്ദുൾ കരീമിന്റെ അര ഏക്കർ സ്ഥലത്ത് ആറു മാസം മുമ്പാണ് 800 മൂട് കപ്പ നട്ടത്. കൂലി നൽകി ബാക്കി ജോലികളും ചെയ്തുവരികയായിരുന്നു. രണ്ടു മാസംകൂടി കഴിഞ്ഞാൽ പൂർണമായും വിളവെടുപ്പ് നടത്താവുന്ന നിലയിൽ ആയപ്പോഴാണ് 200ഓളം മൂട് കപ്പ പന്നികൾ നശിപ്പിച്ചത്.
പൊതുപ്രവർത്തകൻ കാവുങ്കൽ എബി, പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ കൃഷ്ണൻ എന്നിവരെ ഫോണിൽ വിവരം അറിയിച്ചു. ഇതേത്തുടർന്നു പന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിയെന്നു പ്രസിഡന്റും റേഞ്ച് ഓഫീസറും അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഇനിയും പന്നികളുടെ വരവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.