തകര്‍ത്താടി ജെയ്ക്സ് ബിജോയിയും റംസാനും; ആഘോഷത്തിമിർപ്പിൽ അരുവിത്തുറ കോളജ്
1594669
Thursday, September 25, 2025 3:12 PM IST
അരുവിത്തുറ: സംഗീത ലോകത്തിന് അരുവിത്തുറ നൽകിയ സമ്മാനം ജെയ്ക്സ് ബിജോയിയും മാസ്മരിക നൃത്തവുമായി റംസാനും സംഗീത യുവപ്രതിഭ ലിൽ പയ്യനും ചേർന്നപ്പോൾ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ യുവത്വത്തിന്റെ ആവേശം കൊടുമുടി കയറി.
കോളജ് യൂണിയൻ പ്രവർത്തനങ്ങളുടെയും ആർട്സ് ക്ലബിന്റെയും ഉദ്ഘാടനങ്ങളോട് അനുബന്ധിച്ചാണ് മലയാളത്തിന്റെ പ്രിയ കലാകാരന്മാർ കാമ്പസിൽ എത്തിയത്.
വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ജെയ്ക്സ് ബിജോയി തന്റെ മിന്നൽ വള എന്ന ഗാനവുമായാണ് വിദ്യാർഥികളെ കെെയിലെടുത്തത്. തന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള കലാലയമാണ് അരുവിത്തുറ കോളജ് എന്ന് അദ്ദേഹം പറഞ്ഞു.
സിനിമാ താരവും നർത്തകനുമായ റംസാൻ വിദ്യാർഥികൾക്കൊപ്പം വേദിയിൽ നിറഞ്ഞാടി. തന്റെ പതിവ് ഫ്ലിപ്പുകളും നൃത്തച്ചുവടുകളുമായി താരം വിദ്യാർഥികളിൽ ആവേശം നിറച്ചു.
റാപ്പ് സംഗീതത്തിനൊപ്പം മനോഹരമായ ഗാനങ്ങളും കോർത്തിണക്കി യുവ സംഗീത പ്രതിഭ ലിൽ പയ്യൻ അവതരിപ്പിച്ച സംഗീതവിരുന്നും വിദ്യാർഥികൾക്ക് നവ്യാനുഭവമായി.
ഇതോടെ അരുവിത്തുറ സെന്റ് ജോർജ് കോളജ് യൂണിയന്റെയും ആർട്സ് ക്ലബിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി.