കാര്‍ഷികമേഖലയ്ക്ക് ഉണര്‍വായി മൈക്രോ ഇറിഗേഷന്‍ പദ്ധതി
1594445
Wednesday, September 24, 2025 11:36 PM IST
കുറവിലങ്ങാട്: കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വിനായി ജലസേചനവകുപ്പ് നടപ്പാക്കുന്ന മൈക്രോ ഇറിഗേഷന്‍ പദ്ധതിക്കു ജില്ലയില്‍ നാളെ തുടക്കമാകും. മൈനര്‍ ഇറിഗേഷന്‍ വകുപ്പുവഴി 2.15 കോടി രൂപ ചെലവിട്ടു കുറവിലങ്ങാട് പഞ്ചായത്തിലെ ജയ്ഗിരി വാര്‍ഡിലാണ് പദ്ധതി നടപ്പാക്കുന്നത്. കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ എന്നു പേരിട്ട പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കുറവിലങ്ങാട് കാളിയാര്‍തോട്ടം ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.
കൃത്യമായ അളവിലുള്ള വെള്ളവും വളവും നിശ്ചിത ഇടവേളകളില്‍ ചെടിയുടെ ചുവട്ടില്‍ എത്തിക്കുന്ന ജലസേചന രീതിയാണ് മൈക്രോ (ഡ്രിപ്) ഇറിഗേഷന്‍. കുറവിലങ്ങാട് കാളിയാര്‍തോട്ടം മേഖലയിലെ 47 കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 50 ഏക്കര്‍ കൃഷിഭൂമിയിലെ സമ്മിശ്ര വിളകള്‍ക്കാണ് തുടക്കത്തില്‍ സൂക്ഷ്മ ജലസേചനസൗകര്യം ലഭ്യമാക്കുന്നത്.
ചിറത്തടം പഞ്ചായത്ത് കുളത്തില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കാളിയാര്‍തോട്ടം ഭാഗത്ത് സ്ഥാപിക്കുന്ന രണ്ടു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍ എത്തിച്ച് അവിടെനിന്ന് കൃഷിയിടങ്ങളിലേക്ക് എത്തിക്കും. വേനല്‍ക്കാലത്ത് ചിറത്തടം കുളത്തിലെ വെള്ളം കുറയുകയാണെങ്കില്‍ എംവിഐപി കനാല്‍ വിളയംകോട് ഡിസ്ട്രിബ്യൂട്ടറിയുടെ ജയ്ഗിരി ഭാഗത്തുനിന്നു തുറന്നുവിടുന്ന ജലം ഇവിടേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വകുപ്പുദ്യോഗസ്ഥരും ഗുണഭോക്താക്കളും ബഹുജനങ്ങളും പങ്കെടുക്കുമെന്ന് ഗുണഭോക്തൃ സമിതി പ്രസിഡന്റും ബ്ലോക്ക് ഡിവിഷൻ അംഗവുമായ പി.സി കുര്യൻ, പഞ്ചായത്തംഗം വിനു കുര്യൻ എന്നിവർ പറഞ്ഞു.