കനത്ത മഴ; ഓടകൾ നിറഞ്ഞു, ചിറ്റാർപുഴയിൽ ജലനിരപ്പ് ഉയർന്നു
1594683
Thursday, September 25, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയിലടക്കം ജലനിരപ്പ് ഉയർന്നു. ഇന്നലെ രാവിലെ 11ാടെ ആരംഭിച്ച മഴ ഉച്ചകഴിഞ്ഞ് 2.30 വരെ നീണ്ടു. മണിക്കൂറോളം പെയ്ത അതിശക്തമായ മഴയിൽ ഓടകൾ നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയും കൈത്തോടുകളിലും ചിറ്റാർപുഴയിലും ജലനിരപ്പ് ഉയരുകയും ചെയ്തു.
മിറ്റെലുകളും മണ്ണും ചെളിയും റോഡിലേക്ക് ഒഴുകിയെത്തി ചിതറിക്കിടന്നത് ഇരുചക്രയാത്രക്കാരെ ഏറെ ദുരിതത്തിലാക്കി. പഞ്ചായത്ത് ഓഫീസ് വളവിൽ നിന്നടക്കം ഒഴുകിയെത്തിയ വെള്ളം കുരിശുങ്കൽ ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡിലും കയറുന്ന സ്ഥിതിയുണ്ടായി. വെള്ളക്കെട്ട് കാൽനടയാത്രക്കാരെയും മണിമല ഭാഗത്തേക്ക് ബസ് കാത്തുനിന്ന യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കി.
കനത്ത മഴയിൽ കുരിശുങ്കൽ ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷനിലെ സീലിംഗ് അടർന്നു. താലൂക്കിലാകെ ശക്തമായ മഴയാണ് ഇന്നലെ ഉണ്ടായത്.