ഹാൾ തകർച്ച: ഭരണസമിതി ഉത്തരവാദികളല്ലെന്ന് പഞ്ചായത്ത്
1594657
Thursday, September 25, 2025 7:05 AM IST
കടുത്തുരുത്തി: എംഎല്എഫണ്ടായി ലഭിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ച ഞീഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണ അപാകതകള്‍ക്കും തകര്‍ച്ചയ്ക്കും പഞ്ചായത്ത് ഭരണസമിതി ഉത്തരവാദികളല്ലെന്നു പഞ്ചായത്ത് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്‍എസ്ജിഡി എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ നിർമിച്ച സീലിംഗ് അടക്കമുള്ളവ കഴിഞ്ഞ 17, 20 തീയതികളില്‍ മഴയത്ത് തകര്‍ന്നുവീണ സംഭവത്തെ രാഷ്ട്രീയമായി കണ്ടു വിമര്‍ശിക്കുന്നത് ശരിയല്ലെന്നും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പഞ്ചായത്തംഗങ്ങള്‍ പറയുന്നു.
നിര്‍മാണ അപാകതമൂലം ഉണ്ടായിരിക്കുന്ന അപകടത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണക്കാരായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു മന്ത്രിയോടും സ്ഥലം എംഎല്‍എ മോന്‍സ് ജോസഫ്, ജില്ലാ കളക്ടര്‍, എല്‍എസ്ജി ജോയിന്റ് ഡയറക്ടര്‍ എന്നിവരോടും ആവശ്യപ്പെട്ടു, ഇക്കാര്യങ്ങള്‍ ഉന്നയിച്ചു പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. ഇത് രേഖാമൂലം അധികൃതര്‍ക്കെല്ലാം നല്‍കിയതായും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു.
നിര്‍മാണ കരാറുകാരനു ബില്ല് മാറി നല്‍കിയിട്ടില്ലെന്നും നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ടെന്‍ഡര്‍ നടപടിയും നിര്‍മാണ മേല്നോട്ടവുമെല്ലാം നടത്തിയത് ജില്ലാ, ബ്ലോക്ക് എന്‍ജിനിയറിംഗ് വിഭാഗമാണെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപിയും യുഡിഎഫും നടത്തുന്ന കുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറഞ്ഞു.
നിയമവിധേയമല്ലാത്ത ഒരു നടപടിയും തീരുമാനങ്ങളും ഒരു വിഷയത്തിലും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ലന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, പഞ്ചായത്തംഗങ്ങളായ തോമസ് പനയ്ക്കല്‍, ജോമോന് മറ്റം, പി.ആര്. സുഷമ, ലില്ലി മാത്യു, ബീന ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.