പമ്പയിലെ കാട്ടുപന്നികളെ കോരുത്തോട്ടിലെത്തിച്ചു...?
1594457
Wednesday, September 24, 2025 11:36 PM IST
മുണ്ടക്കയം: ആഗോള അയ്യപ്പസംഗമം അടിപൊളിയാക്കാന്‍ പമ്പയിലെ കാട്ടുപന്നികളെ വനംവകുപ്പ് കോരുത്തോട് വനമേഖലയില്‍ തുറന്നുവിട്ടതായി പരക്കെ സംശയം. ഒരാഴ്ചയായി കോരുത്തോട് ടൗണിലൂടെ കാട്ടുപന്നികള്‍ കൂട്ടമായി വിലസുകയാണ്. കൃഷികള്‍ കുത്തിമറിച്ചും വീട്ടുമുറ്റങ്ങളിലേക്ക് കയറിച്ചെന്നും പന്നികള്‍ നിത്യശല്യമായി. മുന്‍പ് പമ്പയില്‍നിന്നു വനപാലകര്‍ നൂറിലേറെ പന്നികളെ മതമ്പയിലും നിലയ്ക്കലിലും ഇറക്കിവിട്ടിരുന്നു. മതമ്പയില്‍ എസ്റ്റേറ്റ് ലയങ്ങളില്‍ പന്നികള്‍ ഒരു വര്‍ഷമായി ശല്യം തുടരുന്നതിനിടെയാണ് കോരുത്തോട്ടിലും കടുംകൈ ചെയ്തത്.
മുന്‍പ് വനാതിര്‍ത്തി മേഖലയില്‍ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം ഇപ്പോള്‍ കോരുത്തോട് ടൗണ്‍ മേഖലയിലും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞദിവസം കൂട്ടമായെത്തിയ കാട്ടുപന്നികള്‍ കര്‍ഷകരുടെ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. കോരുത്തോട് ടൗണില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ വാങ്ങിയ സ്ഥലത്ത് ശബരിമല തീര്‍ഥാടകര്‍ക്കായി വിശ്രമകേന്ദ്രം പണിതിരുന്നു.
അവിടവും നിലവില്‍ കാട്ടുപന്നികളുടെ താവളമായി മാറിയിരിക്കുകയാണ്. പ്രളയത്തില്‍ അഴുതയാറ്റില്‍ വന്നടിഞ്ഞ മണ്ണും ഈ ഭാഗത്താണ് വാരിക്കൂട്ടിയിരിക്കുന്നത്. ഇവിടവും സമീപത്തെ കര്‍ഷകരുടെ കൃഷികളുമാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. ഇതോടെ കര്‍ഷകര്‍ രാത്രി കാവലിരുന്നു കൃഷി സംരക്ഷിക്കേണ്ട ഗതികേടിലാണ്.
മുന്‍ വര്‍ഷങ്ങളില്‍ ശബരിമല സീസണ് ആരംഭിക്കുന്നതിന് മുമ്പായി പമ്പയില്‍നിന്നു കാട്ടുപന്നികളെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജനവാസമേഖലയില്‍ ഇറക്കിവിടുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
കപ്പയും വാഴയും നടാതിരുന്നാല്‍
വന്യമൃഗങ്ങള്‍ വരില്ലെന്ന്...! ഉപദേശവുമായി വനപാലകൻ
മുണ്ടക്കയം: കപ്പയും വാഴയും പ്ലാവും വനാതിര്‍ത്തിയില്‍ നടാതിരുന്നാല്‍ വന്യമൃഗങ്ങള്‍ വരില്ലെന്ന് വനപാലകന്റെ വിദഗ്ധ ഉപദേശം. മനുഷ്യരെപ്പോലെ ആനയ്ക്കും കുരങ്ങനും മ്ലാവിനുമൊക്കെ വിശപ്പുണ്ടെന്നും തീറ്റ തേടി അവ നാട്ടിലേക്കിറങ്ങുക സ്വാഭാവിമാണെന്നും എരുമേലി വനമേഖലയിലെ ഒരു ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ഫോണില്‍ നല്കുന്ന ഉപദേശം ഇന്നലെ മലയോരമേഖലയില്‍ വ്യാപക ചര്‍ച്ചയായി.
മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, എരുമേലി പഞ്ചായത്തുകളുടെ വനയോരങ്ങളില് വിളവെടുക്കാറായ കപ്പയും വാഴയും അടുത്തയിടെയായി കാട്ടുപന്നി കുത്തിമറിക്കുകയാണ്. വാരത്തിനെടുത്തും കൂലിക്കാരെ നിറുത്തിയും വളര്‍ത്തിയവ അപ്പാടെ നഷ്ടമായ വേദനയില്‍ മനം നൊന്തുകഴിയുമ്പോഴാണ് ഫോറസ്റ്റ് ഓഫീസറുടെ ആക്ഷേപ ഉപദേശം.
കപ്പയും വാഴയും ചേനയും ചേമ്പും നടാതെ കര്‍ഷകര്‍ എന്തു ഭക്ഷിക്കുമെന്നാണ് ജനങ്ങളുടെ ചോദ്യം. ഉദ്യോഗസ്ഥരെപ്പോലെ ബര്‍ഗറും പിസ്തയുമൊന്നും വാങ്ങിക്കഴിക്കാന്‍ കര്‍ഷകര്‍ക്ക് പണമില്ലെന്നും കപ്പയും ചക്കയും ചേനയും ചേമ്പുമൊക്കെയാണ് കര്‍ഷകരുടെ ഭക്ഷണമെന്നും വിശദീകരിക്കുന്ന വീഡിയോയും ഇന്നലെ വ്യാപകമായി പ്രചരിച്ചു.
റബര്‍ നട്ടാല്‍ കേഴയും പന്നിയും കുത്തിമറിക്കുന്ന സാഹചര്യത്തില്‍ വേറെ എന്തു കൃഷി എന്നതാണ് ചോദ്യം. വനാതിര്‍ത്തിയില്‍ കൃഷി ഒഴിവാക്കിയാല്‍ അവിടെ കാടുവളര്‍ന്ന് മൃഗങ്ങള്‍ സ്ഥിരവാസമുറപ്പിക്കും. വന്യമൃഗങ്ങള്‍ നശിപ്പിക്കാത്തതും മനുഷ്യര്‍ക്ക് ഭക്ഷിക്കാന്‍ പറ്റുന്നതുമായ വിഭവങ്ങള്‍ ഉണ്ടെങ്കില്‍ വനംവകുപ്പ് ലിസ്റ്റ് തരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കപ്പ പന്നി കുത്തിമറിക്കുന്ന സാഹചര്യത്തില്‍ ഏറെപ്പേര്‍ ജാതി നട്ടുവളര്‍ത്തിയപ്പോള്‍ ജാതിക്ക വേഴാമ്പലും ഉപ്പനും കുരങ്ങും നശിപ്പിക്കുകയാണ്. കാന്താരി കൃഷി ചെയ്തപ്പോള്‍ മയില്‍ തിന്നു നശിപ്പിക്കുന്നു. കൂവയും ഇഞ്ചിയും മാത്രമാണ് അല്പം ആശ്വാസം. പക്ഷേ ഇതുകൊണ്ട് വിശപ്പടക്കാനാവില്ലല്ലോ എന്നതാണ് ന്യായമായ ചോദ്യം. കര്‍ഷകരെ പ്രകോപിപ്പിക്കുന്നതും അധിക്ഷേപിക്കുന്നതുമായ വിശദീകരണങ്ങള്‍ വനപാലകര്‍ ഇനി നടത്തരുതെന്നാണ് കര്‍ഷകര്‍ക്കു പറയാനുള്ളത്.