മേലോരം പോകണേൽ കുളങ്ങൾ താണ്ടണം!
1594455
Wednesday, September 24, 2025 11:36 PM IST
മുണ്ടക്കയം ഈസ്റ്റ്: കൊക്കയാർ പഞ്ചായത്തിന്റെ കാർഷിക മേഖലയായ മേലോരത്തേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങൾ. നൂറുകണക്കിനു കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിലേക്കുള്ള ഏക റോഡാണ് നാളുകളായി കുണ്ടുംകുഴിയും നിറഞ്ഞു യാത്രായോഗ്യമല്ലാതായി തീർന്നിരിക്കുന്നത്.
35-ാംമൈൽ-നെടുമ്പാശേരി റോഡിൽനിന്നു മേലോരത്തേക്കു തിരിയുന്ന നെടുമൺപുരം കവല മുതൽ മേലോരം വരെയുള്ള ഏഴു കിലോമീറ്ററിൽ അധികം വരുന്ന റോഡിന്റെ അഞ്ചു കിലോമീറ്റർ ദൂരവും പൂർണമായും തകർന്ന നിലയിലാണ്.
മഴക്കാലത്തു കുഴികളിൽ വെള്ളം നിറയുന്നതോടെ റോഡിന്റെ പല ഭാഗവും കുളത്തിനു സമാനമാണ്.
ബസ് മുടക്കം പതിവ്
35-ാംമൈലിൽനിന്ന് ആരംഭിച്ച് നെടുമൺപുരം കവലയിൽനിന്നു തിരിഞ്ഞ് മേലോരം-അഴങ്ങാട്-ആനചാരി വഴി പെരുവന്താനത്തെത്താവുന്ന റോഡാണിത്.
നിലവിൽ ഒരു കെഎസ്ആർടിസി ബസ് മാത്രമാണ് ഇതുവഴി സർവീസ് നടത്തുന്നത്. തകർന്ന റോഡിലൂടെയുള്ള യാത്ര മൂലം പല ദിവസങ്ങളിലും സർവീസ് മുടങ്ങും. ഇതോടെ സ്കൂൾ, കോളജ് വിദ്യാർഥികളടക്കമുള്ളവരുടെ യാത്ര ദുരിതത്തിലാകും. ടാക്സി വാഹനങ്ങൾപോലും ഇതുവഴി വരാൻ മടിക്കുകയാണെന്നു നാട്ടുകാർ പറയുന്നു.
ടൂറിസം സാധ്യത
വാഗമൺ മലനിരകളുടെ മടിത്തട്ടിലുള്ള പ്രകൃതിരമണീയമായ സ്ഥലമാണ് മേലോരം, അഴങ്ങാട് പ്രദേശങ്ങൾ.
അതിമനോഹരമായി പണിതിട്ടുള്ള പ്രകൃതിഭംഗി നിറഞ്ഞ മുണ്ടക്കയത്തിന്റെ ഗ്യാപ് റോഡ് എന്നറിയപ്പെടുന്ന 35-ാംമൈൽ-കൊക്കയാർ റോഡിൽനിന്നു വേണം മേലോരത്തേക്കു പോകാൻ. യാത്രയിൽ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാം. നിരവധി ആളുകളാണ് ഗ്യാപ് റോഡിന്റെ ഭംഗി ആസ്വദിക്കാനായി എത്തുന്നത്. ഇവർക്കു മേലോരം വഴിയുള്ള യാത്ര നവ്യാനുഭവമാകും സമ്മാനിക്കുക.
കൊക്കയാർ പഞ്ചായത്തിലെ ടൂറിസത്തിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തിയാൽ മലയോരത്തിന്റെ വികസനത്തിനും വലിയ മുതൽക്കൂട്ടാകും.