റോഡില്‍ അറ്റകുറ്റപ്പണികളില്ല, വഴിവിളക്കില്ല, തെരുവുനായശല്യം...
1594662
Thursday, September 25, 2025 7:05 AM IST
നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍
ചങ്ങനാശേരി: നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തവിധം ഭരണസ്തംഭനം നേരിടുകയാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ നഗരസഭയില്‍ പ്രതിഷേധ ധര്‍ണ നടത്തി.
മാസങ്ങളായി വഴിവിളക്കുകള്‍ പ്രകാശിക്കാത്തതുമൂലം നഗരം ഇരുട്ടിലാണ്. തെരുവുനായശല്യം അതിരൂക്ഷമാണ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യക്കൂമ്പാരം രൂപപ്പെടുന്നു. ഈ വിഷയങ്ങളില്‍ നഗരസഭയ്ക്ക് നിസംഗ നിലപാടാണ്. ഭരണസമിതിയും ചില ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന രഹസ്യ ഇടപെടല്‍ വഴി പദ്ധതി വിഹിതം വെട്ടിക്കുറച്ചതു മൂലം വാര്‍ഡ് വികസന പദ്ധതികള്‍ നിലച്ചു.
നഗരസഭാ ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധം നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ഉപനേതാവ് സന്തോഷ് ആന്റണി, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. നെജിയ, എല്‍സമ്മ ജോബ്, കൗണ്‍സിലര്‍മാരായ ശ്യാം സാംസണ്, റെജി കേളമ്മാട്ട്, ബെന്നി ജോസഫ്, സ്മിത സുരേഷ്, ബീന ജിജന്, ലിസി വര്‍ഗീസ്, മോളമ്മ സെബാസ്റ്റ്യന്‍, സുമ ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധം ശക്തമാക്കും; അടുത്ത ഘട്ട സമരം വാര്‍ഡുകളില്‍
നഗരസഭാ ഭരണസമിതിയുടെ നിഷ്ക്രിയ നിലപാടിനെതിരേ സമരം ശക്തമാക്കും. യുഡിഎഫ് കൗണ്‍സിലര്‍മാരെ അവഗണിക്കുന്ന നിലപാടാണ്. ഉത്രാടദിനത്തില്‍ നഗരസഭയുടെ ഓണാഘോഷ പരിപാടികള്‍ ബഹിഷ്കരിച്ച് ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. രണ്ടാംഘട്ട സമരമാണ് ഇന്നലെ നടത്തിയത്. അടുത്ത ഘട്ടത്തില്‍ വാര്‍ഡുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും.
ജോമി ജോസഫ്,
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ചങ്ങനാശേരി നഗരസഭ
പ്രതിപക്ഷ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതം
ചങ്ങനാശേരി: നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലെ 90 ശതമാനം റോഡുകളും നവീകരിച്ചിട്ടുണ്ട്. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നിയോഗിക്കപ്പെട്ട കരാറുകാരെ ഭീഷണിപ്പെടുത്തി വരുത്താതെയിരിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് സമരം ചെയ്ത് ജനമധ്യത്തില്‍ ശ്രദ്ധ തിരിച്ചുവിടാനാണ് യുഡിഎഫ് ശ്രമം.
റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നഗരത്തിന്റെ വിവിധ വാര്‍ഡുകളില്‍ സജീവമായി നടക്കുന്ന അവസരത്തില്‍ സമരം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
കൃഷ്ണകുമാരി രാജശേഖരന്
ചെയര്‍പേഴ്സണ്‍, ചങ്ങനാശേരി നഗരസഭ
മാത്യൂസ് ജോര്‍ജ്, വൈസ് ചെയര്മാന് , ചങ്ങനാശേരി നഗരസഭ