അരുവിത്തുറ കോളജിൽ മിന്നൽ വള താളത്തിൽ ജെയ്ക്സ് ബിജോയ്; ചടുല നൃത്തചുവടുകളുമായി റംസാൻ
1594679
Thursday, September 25, 2025 11:41 PM IST
അരുവിത്തുറ: ഇന്ത്യൻ മ്യൂസിക്കിന് അരുവിത്തുറ നൽകിയ സമ്മാനം ജെയ്ക്സ് ബിജോയിയും മാസ്മരിക നൃത്തങ്ങളുടെ തമ്പുരാൻ റംസാനും സംഗീത യുവപ്രതിഭ ലിൽ പയ്യനും ചേർന്നപ്പോൾ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ യുവത്വത്തിന്റെ ആവേശം കൊടുമുടി കയറി. കോളജ് യൂണിയൻ പ്രവർത്തനങ്ങളുടെയും ആർട്സ് ക്ലബിന്റെയും ഉദ്ഘാടനങ്ങളോടനുബന്ധിച്ചാണ് മലയാളത്തിന്റെ പ്രിയ കലാകാരന്മാർ കാമ്പസിൽ എത്തിയത്.
വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ജെയ്ക്സ് ബിജോയ് തന്റെ മിന്നൽ വള എന്ന ഗാനവുമായാണ് വിദ്യാർഥികളെ കയ്യിലെടുത്തത്. തന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള കലാലയമാണ് അരുവിത്തുറ കോളജെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും മലയാളികൾക്ക് സുപരിചിതനായ ചലച്ചിത്രതാരം റംസാൻ വിദ്യാർഥികൾക്കൊപ്പം വേദിയിൽ നിറഞ്ഞാടി. റാപ്പ് സംഗീതത്തിനൊപ്പം മനോഹരമായ ഗാനങ്ങളും കോർത്തിണക്കി യുവ സംഗീത പ്രതിഭ ലിൽ പയ്യൻ അവതരിപ്പിച്ച സംഗീതവിരുന്നും വിദ്യാർഥികൾക്ക് നവ്യാനുഭവമായി മാറി.
കോളജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജെയ്ക്സ് ബിജോയിയും ആർട്സ് ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റംസാനും നിർവഹിച്ചു. കോളജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോൺസൺ ജോണി, വൈസ് ചെയർപേഴ്സൺ എയ്ഞ്ചലീനാ മനോജ്, യൂണിയൻ കോഓർഡിനേറ്റർ ഡോ. തോമസ്പുളിക്കൻ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.