റോഡരികില്‍ മണ്ണും മാലിന്യങ്ങളും തള്ളി യാത്രക്കാരെ കുരുക്കുന്നു
1594359
Wednesday, September 24, 2025 7:38 AM IST
സുരക്ഷ കര്‍ശനമാക്കേണ്ട പൊതുമരാമത്ത്
ചങ്ങനാശേരി: റോഡില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കര്‍ശന സുരക്ഷയൊരുക്കേണ്ട പൊതുമരാമത്ത് അധികൃതര്‍ റോഡിന്റെ വശങ്ങളില് മണ്ണും മാലിന്യങ്ങളും തള്ളി അപകടക്കെണികള്‍ സൃഷ്ടിക്കുന്നു.
ദേശീയപാതയുടെ പ്രാധാന്യവും തിരക്കുമുള്ള ചങ്ങനാശേരി- വാഴൂര്‍ റോഡിന്റെ വശങ്ങളിലാണ് മാലിന്യം ലോറികളില്‍ എത്തിച്ചുതള്ളുന്നത്. പെരുമ്പനച്ചി മുതല്‍ മാമ്മൂടു വരെയുള്ള റോഡിന്റെ ഇരുവശങ്ങളും നിര്‍മാണ അവശിഷ്ടങ്ങള്‍ തള്ളി നിറച്ചിരിക്കുകയാണ്. ഇരുചക്രവാഹന സഞ്ചാരികള്ക്കെന്നപോലെ കാല്‍നടയാത്രക്കാര്‍ക്കും ഇത് അപകടക്കെണിയാണ്.
ഇതര റോഡുകളുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍നിന്നു നീക്കുന്ന മണ്ണ്, കോണ്‍ക്രീറ്റ്, തടി അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് റോഡിന്റെ വശങ്ങളില് കുന്നുകൂടുന്നത്. റോഡരികില്‍നിന്നു വെട്ടിമാറ്റിയതും കടപുഴകിയതുമായ മരങ്ങളുടെ അവശിഷ്ടങ്ങളും കാലങ്ങളായി റോഡിന്റെ വശങ്ങളില് ഉപേക്ഷിച്ച നിലയിലാണ്.
മാമ്മൂട് മുതല്‍ കറുകച്ചാല്‍ വരെയുള്ള റോഡിന്റെ വശങ്ങൾ പുല്ലും കാട്ടുചെടികളും വളര്‍ന്ന് വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന അവസ്ഥയിലാണ്. കൂത്രപ്പള്ളിക്കും എന്‍എസ്എസ് ജംഗ്ഷനുമിടയിലും റോഡിന്റെ വശത്ത് മണ്ണും നിര്‍മാണ സാമഗ്രികളുടെ അവശിഷ്ടങ്ങളും തള്ളിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊതുപ്രവര്‍ത്തകരും റെസിഡന്റ്സ് അസോസിയേഷനുകളും പൊതുമരാമത്തു വകുപ്പിനെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
തെങ്ങണ മുതല്‍ കണ്ണവട്ട വരെയുള്ള ഭാഗത്ത് റോഡരികിൽ അനധികൃത കയ്യേറ്റങ്ങളും വഴിവാണിഭങ്ങളും പെരുകിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.