ശുചിത്വോത്സവം 2025ന് മികച്ച പ്രതികരണം
1594345
Wednesday, September 24, 2025 7:20 AM IST
കോട്ടയം: ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗര, ഗ്രാമീണ മേഖലകളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നിതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ‘സ്വച്ഛതാ ഹി സേവ കാമ്പയിന് ശുചിത്വോത്സവം 2025’ന് ജില്ലയില്‍ മികച്ച പ്രതികരണം. ഇതുവരെ 1980 കേന്ദ്രങ്ങള്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളില്‍പ്പെടുന്ന അനധികൃത മാലിന്യ നിക്ഷേപമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ശുചീകരിക്കും. ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള നീല, പച്ച നിറങ്ങളിലുള്ള ബിന്നുകള്‍ ഇവിടങ്ങളില്‍ സ്ഥാപിക്കും.
സമ്പൂര്‍ണ മാലിന്യ മുക്തമാക്കിയ പ്രദേശങ്ങളില്‍ സീറോ വേസ്റ്റ് ആഘോഷങ്ങള്‍, വെളിയിട വിസര്‍ജനമുക്ത മോഡല്‍ (ഒഡിഎഫ് പ്ലസ്). ശുചിത്വമുള്ള നല്ല ഗ്രാമം പ്രഖ്യാപനങ്ങള്‍, പാഴ്വസ്തുക്കള് കൊണ്ടുള്ള നിര്‍മിതികള്‍, ക്ലീന്‍ സ്ട്രീറ്റ് ഫുഡ്, ദേശീയ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കല്‍ പ്രചാരണം തുടങ്ങിയവയും സംഘടിപ്പിക്കും. സ്വച്ഛതാ പ്രവര്‍ത്തകര്‍ക്കുള്ള ആരോഗ്യ പരിശോധനാ ക്യാമ്പുകളും ആരോഗ്യസുരക്ഷാ പദ്ധതി വിവരങ്ങളും നല്‍കുന്നതിനായി ഏകജാലക ക്യാമ്പുകള്‍ ഇതിന്റെ ഭാഗമായി നടത്തും.
മാലിന്യത്തിന്റെ ഉറവിടത്തിലുള്ള തരംതിരിവ് ഹരിതചട്ടപാലനം എന്നീ വിഷയങ്ങളിലുള്ള സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശുചിത്വോത്സവത്തിന്റെ ഭാഗമായി നാളെ ഒരു ദിവസം ഒരു മണിക്കൂര്‍, നൂറുശതമാനം പങ്കാളിത്തം എന്ന ഒരു മണിക്കൂര്‍ നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തും.