വികസന സദസിന് ഇന്നു തുടക്കം ; ആദ്യ പരിപാടി അകലക്കുന്നത്ത്
1594692
Thursday, September 25, 2025 11:41 PM IST
കോട്ടയം: വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന വികസന സദസിന് ജില്ലയില്‍ ഇന്നു തുടക്കമാകും. ആദ്യ വികസന സദസ് രാവിലെ 10.30ന് അകലക്കുന്നം പഞ്ചായത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 2021-25 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ പ്രകാശനം ചെയ്യും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മുഖ്യപ്രഭാഷണം നടത്തും.
ത്രിതല പഞ്ചായത്ത്, ജനപ്രതിനിധികള്‍, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്, ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒക്ടോബര്‍ 20 വരെ വിവിധ ദിവസങ്ങളില്‍ നടക്കും.
വികസന സദസിലെ ചര്‍ച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സര്‍ക്കാരിന് സമര്‍പ്പിക്കും.