മാതൃകയായി മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രം
1594690
Thursday, September 25, 2025 11:41 PM IST
മണര്‍കാട്: പ്രദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിക്കുഞ്ഞുങ്ങളും കോഴിയും മുട്ടയും മാത്രമല്ല നല്ല ജൈവ പച്ചക്കറികളും ഇനി ലഭിക്കും. വിഷരഹിത പച്ചക്കറി ഉത്പാദനത്തിനു മാതൃകയായിരിക്കുകയാണ് കോഴിവളര്‍ത്തല്‍ കേന്ദ്രം.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം സ്ഥാപനങ്ങളിലെ പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഭാഗമായി കൃഷിവകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും മേല്‍നോട്ടത്തില്‍ 50 സെന്റില്‍ പടവലം, വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു നിര്‍വഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. മനോജ്കുമാര്‍, പഞ്ചായത്ത് കൃഷി ഓഫീസര്‍ എ.ആര്. ഗൗരി, പാമ്പാടി വെറ്ററിനറി ഹോസ്പിറ്റല്‍ സീനിയര്‍ സര്ജന് ഡോ. ലിനി ചന്ദ്രന്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ഫാം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.