മുൻ മെംബറും കുടുംബവും വീട് ഒഴിയണമെന്ന് പഞ്ചായത്തും വനംവകുപ്പും
1594453
Wednesday, September 24, 2025 11:36 PM IST
എരുമേലി: പാക്കാനം വാർഡ് മുൻ മെംബർ ജോമോൻ തോമസ് വാഴപ്പനാടി, ഭാര്യ ജീന, മക്കൾ എന്നിവർ ഉൾപ്പെട്ട കുടുംബം പാക്കാനം ടൗണിലുള്ള വീട്ടിൽനിന്ന് ഒരാഴ്ചയ്ക്കകം ഒഴിയണമെന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. വനംവകുപ്പിന്റെ അധീനതയിലുള്ള തോട് കൈവശപ്പെടുത്തിയാണ് ജോമോൻ വീടും അതിനോടു ചേർന്ന് കടയും നിർമിച്ചതെന്നുകാട്ടി ഒഴിപ്പിക്കാൻ വനംവകുപ്പും നടപടികളിലേക്ക്.
അതേസമയം തന്റെ സ്വന്തം സ്ഥലമാണിതെന്നും അനധികൃത നിർമാണമെന്ന് ആരോപിച്ച് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നും ജോമോൻ പറയുന്നു. കോൺഗ്രസ് നേതാവായ ജോമോൻ മുൻ ഭരണസമിതിയിൽ മെംബറായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാർഡ് വനിതാ സംവരണമായതോടെ ജോമോന്റെ ഭാര്യ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സിപിഎമ്മിലെ ചിലർ വ്യാജ പരാതി നൽകി തന്റെ വീടും കടയും ഒഴിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ജോമോൻ പറഞ്ഞു.
ജോമോന്റെ വീടും കടയും അനധികൃത നിർമാണമാണെന്ന് ആരോപിച്ച് ചിലർ ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നാണ് ഇപ്പോൾ ഒഴിപ്പിക്കൽ ഉത്തരവ് നോട്ടീസ് നൽകിയതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. നാലുവർഷം മുമ്പ് പ്രളയത്തിൽ വീടിനും കടയ്ക്കും നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്ന് ഇത് ബലപ്പെടുത്താൻ നടത്തിയ നിർമാണമാണ് അനധികൃതമാണെന്ന് ചിലർ ആരോപിക്കുന്നതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയവിരോധമാണെന്നും ജോമോൻ പറഞ്ഞു.
എന്നാൽ, നിർമാണം നടത്തിയത് റോഡിന്റെയും തോടിന്റെയും സ്ഥലം കൈവശപ്പെടുത്തിയാണെന്നും ഇതിനെതിരേ അന്ന് പഞ്ചായത്ത്, പോലീസ് എന്നിവിടങ്ങളിൽ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് ഹർജി നൽകിയ ടി.ജി. രാജു തെക്കേമേലേതിൽ, ജിജി ഉറുമ്പിൽ, ബൈജു പടിഞ്ഞാറെപറമ്പിൽ എന്നിവർ പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് യോഗം ചേർന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു. സി.പി. രാജപ്പൻ അധ്യക്ഷത വഹിച്ചു. ജോയ് പാലമുറി, പി.കെ. വിശ്വംഭരൻ, സജീവ് വലിയപറമ്പിൽ, തങ്കച്ചൻ വെട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.