ഒടുവിൽ കൂടല്ലൂർ ആശുപത്രിക്ക് ജീവൻ വയ്ക്കുന്നു
1594441
Wednesday, September 24, 2025 10:35 PM IST
കിടങ്ങൂര്‍: വര്‍ഷങ്ങളായി അടഞ്ഞുകിടന്ന കൂടല്ലൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഈവനിംഗ് ഒപിയും കിടത്തി ചികിത്സാ സൗകര്യവും പുനരാരംഭിക്കുന്നു.
ജില്ലാ പഞ്ചായത്തും കിടങ്ങൂര്‍ പഞ്ചായത്തും സംയുക്തമായി ഫണ്ട് അനുവദിച്ചതോടെയാണ് ഇതിനു വഴിതെളിഞ്ഞത്. പാമ്പാടി ബ്ലോക്കിലെ കൂടല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറെയും നഴ്സിനെയും നിയമിച്ച് ഈവനിംഗ് ഒപി ആരംഭിക്കാനുള്ള നടപടികളാണ് പൂര്‍ത്തിയായത്.
എട്ടു ലക്ഷത്തിന്റെ പദ്ധതി
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച നാലു ലക്ഷം രൂപയും കിടങ്ങൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച നാലു ലക്ഷം രൂപയും ചേര്‍ത്ത് എട്ടു ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂടല്ലൂര്‍ ആശുപത്രിയില്‍ 25 രോഗികള്‍ക്ക് ഐപി സൗകര്യവും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെ ഈവനിംഗ് ഒപിയും മുമ്പ് ഉണ്ടായിരുന്നു. ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞതോടെ കിടത്തി ചികിത്സയും ഈവനിംഗ് ഒപിയും നിര്‍ത്തലാക്കി. കിടങ്ങൂര്‍, കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളിലെ നൂറു കണക്കിനാളുകള്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെട്ടിരുന്നത്.
കിടത്തി ചികിത്സ
ഈവനിംഗ് ഒപിയും കിടത്തിചികിത്സയും പുനരാരംഭിക്കണമെന്നുള്ള നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ പൂവണിയുന്നത്. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെ ഡോക്ടര്‍മാര്‍ ഉണ്ടാകും. ഈ സമയത്ത് ഒപി സൗകര്യം ഉണ്ടായിരിക്കും. കൂടാതെ കിടത്തി ചികിത്സ പുനരാരംഭിക്കുകയും ചെയ്യും. 50,000 രൂപ ഡോക്ടര്‍ക്കും ഇരുപതിനായിരം രൂപ നഴ്സിനും വേതനമായി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ജില്ലാ-ഗ്രാമ പഞ്ചായത്തുകള്‍ നൽകും. ഒരു വര്‍ഷത്തേക്കുള്ള തുകയാണ് ഇപ്പോള്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിരമായി ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി ഈ പ്രോജക്ട് കൂടല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നടപ്പിലാക്കും.
ഉദ്ഘാടനം ഇന്ന്
കൂടല്ലൂര്‍ സിഎച്ച്സിലെ പുതിയതായി ആരംഭിക്കുന്ന ഈവനിംഗ് ഒപിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 10നു നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ബിനുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ പ്രഫ.ഡോ. മേഴ്സി ജോണ്‍, അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റീന മാളിയേക്കല്‍, മറ്റു ജനപ്രതിനിധികള്‍, ആശുപത്രി വികസന സമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.