ഇവന്റ് മാനേജമെന്റുകാരനു മർദനമേറ്റതിലും ആരോപണവിധേയന് പങ്കെന്ന്
1594658
Thursday, September 25, 2025 7:05 AM IST
വൈക്കം: പോലീസുകാരന്റെയും വധുവിന്റെയും വിവാഹ ഫോട്ടോഗ്രഫിയും സ്റ്റേജും തയാറാക്കിയ ഇവന്റ് മാനേജമെന്റുകാരന് വൈക്കം പോലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവത്തിലും ഇന്നലെ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ചതിൽ ആരോപണവിധേയനായ ഗ്രേഡ് എസ്ഐക്ക് പങ്കെന്ന് ആരോപണം. നടപടിയെടുക്കാതെ പോലീസ്.
ചേർത്തല തൈക്കാട്ടുശേരി പുതുവീട്ടിൽ മുകേഷി( 33)നെ കഴിഞ്ഞ ജൂലൈ 21ന് ഗ്രേഡ് എസ്ഐ ജോർജ് ഉൾപ്പെട്ട പോലീസ് സംഘം മർദിച്ചെന്നായിരുന്നു പരാതി. നെഞ്ചിലും വയറിലും മർദനമേറ്റു വൈക്കം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ മുകേഷിന്റെ ഹൃദയമിടിപ്പിൽ വ്യതിയാനം കണ്ടിരുന്നു.
വൈക്കം പോലീസ് പി ആർഒയുടെ മുറിയിൽ വച്ച് മർദനമേറ്റെന്ന പരാതി സ്വീകരിച്ച വൈക്കം ഡിവൈഎസ്പി, പക്ഷേ നടപടിയെടുക്കാൻ തയാറായില്ലെന്ന് മുകേഷ് ആരോപിക്കുന്നു. വൈക്കം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പോളശേരി സ്വദേശിയുടെ ഒന്നരവർഷം മുമ്പു നടന്ന വിവാഹത്തിന്റെ ഫോട്ടോഗ്രഫിയും സ്റ്റേജ്വർക്കും നേരേകടവിലെ വധുവിന്റെ വീട്ടുകാർ മുഖേന മുകേഷാണ് ചെയ്തത്.
എന്നാൽ, വധുവിന്റെ കുടുംബം നൽകാമെന്നേറ്റ തുകയുടെ ബാക്കിയായ 28,000 രൂപ നൽകില്ലെന്നു പറഞ്ഞതിനാൽ ആൽബം കൊടുത്തിരുന്നില്ല. പണം കിട്ടാൻ സഹായിക്കണമെന്ന് മുകേഷ് വരനായ പോലീസുകാരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആൽബം നൽകാത്തതിൽ പരാതിയുണ്ടെന്നു പറഞ്ഞ് പിന്നീട് വൈക്കം സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോൾ മർദനമേറ്റെന്നാണ് മുകേഷിന്റെ പരാതി.
സ്റ്റേഷനിലുണ്ടായിരുന്ന ഒരു എസ്ഐ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തപ്പോഴാണ് പിആർഒയുടെ മുറിയിൽവച്ച് മർദനമേറ്റതെന്നു മുകേഷ് പറയുന്നു.