ഒരുക്കങ്ങളായി; നാട്ടിൽ നാളെമുതൽ കാർഷികാരവം
1594671
Thursday, September 25, 2025 10:29 PM IST
കുറവിലങ്ങാട്: കോഴാ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന സീഡ് ഫാം, ആർഎടിടിസി, ബ്ലോക്ക് പഞ്ചായത്ത് എന്നിവ ആതിഥ്യമരുളുന്ന കോഴാം ഫാം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമല ജിമ്മി, പി.എം. മാത്യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കാർഷിക വിജ്ഞാന വിനോദ വിപണന സാധ്യതകൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി. കുര്യൻ, പി.എൻ. രാമചന്ദ്രൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, ഡപ്യൂട്ടി ഡയറക്ടർ ജി.വി. റെജി, ഫാം സൂപ്രണ്ട് ഹണി ലിസ ചാക്കോ, കൃഷി ഓഫീസർ ആഷ്ലി മാത്യൂസ് എന്നിവർ പറഞ്ഞു.
30 വരെ ആഘോഷദിനങ്ങൾ
നാളെ മുതൽ 30 വരെ തീയതികളിൽ നാടിന് ആഘോഷദിന രാത്രങ്ങളാകും. സെമിനാറുകളും സമ്മേളനങ്ങളും കലാപരിപാടികളും ഉല്ലാസ വിനോദ പരിപാടികളുമായി അരങ്ങു തകർക്കുംവിധമാണ് ക്രമീകരണങ്ങൾ. നാളെ നാലിന് മന്ത്രി വി.എൻ. വാസവൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 30ന് നാലിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
സപ്തതി തിളക്കത്തിൽ അണിഞ്ഞൊരുങ്ങി
നൂറേക്കർ ജില്ലാ കൃഷിത്തോട്ടം
നൂറുകണക്കായ കർഷകർ സംഗമിക്കുന്ന ഹരിതാരവത്തിന് ആതിഥ്യമരുളുന്ന കോഴാ ജില്ലാകൃഷിത്തോട്ടത്തിന് ഇത് സപ്തതി വർഷത്തിന്റെ വിളംബര വേളയായി മാറും. 1957ൽ ഇഎംഎസ് മന്ത്രിസഭയുടെ തീരുമാനത്തിലാണ് കോഴായിൽ ജില്ലാ കൃഷിത്തോട്ടത്തിനു തുടക്കമിട്ടത്. 2026-27 ജില്ലാ കൃഷിത്തോട്ടത്തിന് സപ്തതി ആഘോഷങ്ങളുടെ വർഷമാണ്. ഹരിതോത്സവത്തിന് ആതിഥ്യമരുളുന്ന കോഴായിലെ സംസ്ഥാന സീഡ്ഫാം പ്രവർത്തനത്തിന്റെ 67-ാം വർഷത്തിലാണെന്നതും പ്രത്യേകതയാണ്.
കോഴായിലും സമീപസ്ഥലങ്ങളിലുമുള്ള ഭൂവുടമകളിൽനിന്ന് ഏറ്റെടുത്ത 100 ഏക്കർ സ്ഥലത്താണ് കോഴായിലെ ജില്ലാ കൃഷിത്തോട്ടം പ്രവർത്തനം ആരംഭിച്ചത്. അതിനാൽത്തന്നെ അടുത്ത കാലം വരെ ജില്ലാ കൃഷിത്തോട്ടം നൂറേക്കർ എന്നാണ് അറിയപ്പെട്ടിരുന്നത്.
കേരള സയൻസ് സിറ്റി തുടങ്ങാനായി 30 ഏക്കർ സ്ഥലം വിട്ടുനൽകിയതോടെ ഫാമിന്റെ വിസ്തൃതി എഴുപതിലേക്കു ചുരുങ്ങി. ഇതോടൊപ്പം കസ്റ്റംഹയറിംഗ് സെന്ററിനും സ്ഥലം സമ്മാനിച്ചു. ഇപ്പോൾ കൃഷി നടത്തുന്നത് 60 ഏക്കറോളം സ്ഥലത്താണ്.
ഉല്ലാസവഴികൾ ഏറെ
പറക്കത്താനം മലയിലേക്കൊരു ട്രക്കിംഗ്. ഇരുവശങ്ങളിലും പൂത്തുലഞ്ഞ ചെടികൾ സമ്മാനിക്കുന്ന മനോഹാരിതയിൽ നിറഞ്ഞ് ഒരു സവാരി. താത്പര്യമെങ്കിൽ ഒരു ഓഫ് റോഡ് യാത്ര. സൂര്യകാന്തിപ്പൂക്കൾക്കിടയിൽ കിടന്നും നിന്നുമൊക്കെ ഒരു ഫോട്ടോ. ചൂണ്ടയിട്ട് മീൻപിടിക്കാനൊരു മത്സരം. ഓർമകളുടെ വേലിയേറ്റത്തിൽ ഒരു ഊഞ്ഞാലാട്ടം. ഇങ്ങനെ ഇല്ലാസത്തിന്റെ വഴികൾ ഏറെയാണ് ഫാം ഫെസ്റ്റിൽ കാത്തിരിക്കുന്നത്.