വയലില്‍ വോളി ഫൈനല്‍: ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും പാലാ സെന്റ് തോമസും ഏറ്റുമുട്ടും
1594677
Thursday, September 25, 2025 11:41 PM IST
പാലാ: ബിഷപ് വയലില്‍ അഖില കേരള ഇന്റര്‍ കോളീജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും ആതിഥേയരായ പാലാ സെന്റ് തോമസ് കോളജും ഏറ്റുമുട്ടും. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് മത്സരം.
ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ സേക്രട്ട് ഹാര്‍ട്ട് കോളജ് തേവരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്രൈസ്റ്റ് കോളജ് ഫൈനലില്‍ കടന്നത്. സ്കോര്‍ 25-22, 25-21, 25-21. ഇന്ന് രാവിലെ ഏഴിന് നടക്കുന്ന വനിതാ വിഭാഗം ഫൈനല്‍ മത്സരത്തില്‍ മുന്‍ വര്‍ഷത്തെ ജേതാക്കളായ സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട ചങ്ങനാശേരി അസംഷന്‍ കോളജിനെ നേരിടും.
ജേതാക്കള്‍ക്ക് കോളജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ റവ. ഡോ. ജോസഫ് തടത്തില്‍, മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കറ്റ് മെംബര്‍മാരായ ഡോ. ജോജി അലക്സ്, ഡോ. എ.എസ്. സുമേഷ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിക്കും.