പത്തനാട്-മൂലേപ്പീടിക-ഇടയിരിക്കപ്പുഴ റോഡ് വികസനജോലികള്‍ അന്തിമഘട്ടത്തില്‍
1594361
Wednesday, September 24, 2025 7:38 AM IST
കങ്ങഴ: പത്തനാട് - മൂലേപ്പീടിക-ഇടയിരിക്കപ്പുഴ റോഡ് നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തില്‍. പത്തനാട് ജംഗ്ഷനു സമീപം കങ്ങഴ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ ആരംഭിച്ച് കങ്ങഴ ക്ഷേത്രം ഭാഗത്തുകൂടി മൂലേപ്പീടിക ഭാഗത്ത് വാഴൂര്‍ റോഡില്‍ പ്രവേശിച്ച് തുടര്‍ന്ന് കാഞ്ഞിരപ്പാറയില്‍ നിന്നു തിരിഞ്ഞ് ചേറ്റേടം, കൊന്നക്കല്‍, പഴുക്കാകളം വഴി മണിമല റോഡില്‍ ഇടയിരിക്കപ്പുഴ ജംഗ്ഷനില്‍ എത്തിച്ചേരുന്ന റോഡാണിത്. കങ്ങഴപഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡ് കിഫ്ബി ഏറ്റെടുത്ത് 36 കോടി രൂപ മുടക്കിയാണ് നവീകരിക്കുന്നത്. ഇതിനോടകം കലുങ്കുകളും പാലങ്ങളും ഓട നിർമാണവും പൂര്‍ത്തിയാക്കി.
വികസനത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ രണ്ടാംവാര്‍ഡിലുള്ള ചൂളപ്പടിയിലുള്ള സാംസ്കാരിക വകുപ്പിന്റെ അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അഞ്ചര സെന്റ് സ്ഥലം കൂടി ഏറ്റെടുത്തു.
തികച്ചും ഗ്രാമീണ മേഖലയിലുള്ള റോഡാണെങ്കിലും ചങ്ങനാശേരി-വാഴൂര്‍, കറുകച്ചാല്‍-മണിമല പരമ്പരാഗത ശബരിപാത എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാലാണ് ഈ പദ്ധതിക്ക് നിര്‍ദേശം നല്കിയതും അനുമതി ലഭിച്ചതും. ഈ ഭാഗത്തുള്ള മതില് പൊളിക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതുമായ പ്രവൃത്തിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നിര്‍വഹിച്ചു. ഒമ്പത് കിലോമീറ്റർ റോഡാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത് പത്തനാട്-മൂലേപ്പീടിക-കാഞ്ഞിരപ്പാറ-കൊന്നയ്ക്കല്‍-ഇടയിരിക്കപ്പുഴ വരെയുള്ള ഒമ്പതു കിലോമീറ്റര്‍ ദൂരമാണ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നത്.
7.5 മീറ്റര്‍ ടാറിംഗ് വീതിവരുന്ന ഈ റോഡില്‍ ഉടനീളം രണ്ടു വശത്തുകൂടിയും നടപ്പാത, പൈപ്പ്ലൈനുകള്, ഓടകള്‍ എന്നിവ പൂര്‍ത്തിയാക്കി. വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം റോഡരികിലെ സ്ഥലമുടമകള്‍ സര്‍ക്കാരിനു സൗജന്യമായി വിട്ടുനല്‍കിയിരുന്നു. ഈ ഭാഗത്തെ നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയാക്കി.
സാംസ്കാരിക വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി വിട്ടുനല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ആ സ്ഥലം കൂടി പദ്ധതിക്കായി ഏറ്റെടുത്തത്. മൂലേപ്പീടികയില്‍ നടന്ന ചടങ്ങില്‍ കങ്ങഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എം. മാത്യൂ, മുഹമ്മദ് ഷിയാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.കെ. ജോസഫ്, കെ.എസ്. സെബാസ്റ്റ്യന്‍, ഫൈസല്‍ കാരമല എന്നിവര്‍ പങ്കെടുത്തു.
റോഡിന്റെ പ്രാധാന്യം പരിഗണിച്ച് വികസനത്തിന് അനുമതി ലഭിച്ചത്
തികച്ചും ഗ്രാമീണ മേഖലയിലുള്ള റോഡാണെങ്കിലും കറുകച്ചാല്‍-മണിമല, ചങ്ങനാശേരി-വാഴൂര്‍ പരമ്പരാഗത ശബരിപാത എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാലാണ് ഈ പദ്ധതിക്ക് നിര്‍ദേശം നല്‍കിയത്. അതിന്റെ ഫലമായാണ് പദ്ധതി കിഫ്ബി ഏറ്റെടുത്ത് പണം അനുവദിച്ചത്. അതിനാലാണ് സാംസ്കാരിക വകുപ്പിന്റെ സ്ഥലം ഏറ്റെടുത്തത്. നിര്‍മാണ ജോലികള്‍ അതിവേഗത്തിലാണ്. കങ്ങഴ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളുടെ വികസനം സാധ്യമാക്കാന്‍ ഈ റോഡ് വികസനത്തിലൂടെ കഴിയും.
ഡോ.എന്‍. ജയരാജ്
ഗവ.ചീഫ് വിപ്പ്
റോഡ് വികസനം കങ്ങഴയുടെ മുഖച്ഛായ മാറ്റും
പത്തനാട് - ഇടയിരിക്കപ്പുഴ റോഡ് നിര്‍മാണജോലികള്‍ പൂര്‍ത്തിയാകുമ്പോള്‍ നാടിന്റെ വികസനത്തിന് ഏറെ ഉപകരിക്കും. യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടും. ഒമ്പതു കിലോമീറ്റര്‍ ദൂരമാണ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നത്.
എ.എം. മാത്യു
നിയോജകമണ്ഡലം പ്രസിഡന്റ്
കേരള കോണ്‍ഗ്രസ്-എം
കങ്ങഴ പഞ്ചായത്തംഗം
റോഡ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ബസ് സര്‍വീസ് പുനരാരംഭിക്കണം
പത്തനാട് - മൂലേപ്പീടിക-ഇടയിരിക്കപ്പുഴ കാലങ്ങളായി തകര്‍ന്നുകിടന്ന റോഡാണ്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നത് നൂറുകണക്കിനാളുകള്‍ക്കു ഗുണകരമാകും. നേരത്തേയുണ്ടായിരുന്ന സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതുമൂലം വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ ദുരിതത്തിലാണ്.
റോഡ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പത്തനാട്, പഴുക്കാകുളം, ചേറ്റേടം, കാഞ്ഞിരപ്പാറ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കോട്ടയം-കുളത്തൂര്‍മൂഴി റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കണം.
ബിനോയി വര്‍ഗീസ്
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയംഗം
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം
അയ്യപ്പഭക്തര്‍ക്ക് ശബരിമല യാത്ര എളുപ്പമാകും
പത്തനാട്-മൂലേപ്പീടിക-കാഞ്ഞിരപ്പാറ-ഇടയിരിക്കപ്പുഴ റോഡ് പൂര്‍ത്തിയാകുമ്പോള്‍ അയ്യപ്പ ഭക്തര്‍ക്ക് കോട്ടയത്തുനിന്നും പാമ്പാടി, കങ്ങഴ, പത്തനാട്, മണിമലവഴി എരുമേലിയിലും നിര്‍ദിഷ്ട എരുമേലി എയര്‍പോര്‍ട്ടിലേക്കും യാത്രയ്ക്ക് വേഗത ലഭിക്കും. കങ്ങഴ പഞ്ചായത്തിന്റെ വികസനത്തിന് മാറ്റുകൂടും.
അഡ്വ.സി.കെ. ജോസഫ്
മുന്‍ പ്രസിഡന്റ്, കങ്ങഴ പഞ്ചായത്ത്