രഞ്ജി ട്രോഫി: നിധീഷിന് നാലു വിക്കറ്റ്, മഹാരാഷ്ട്രയെ എറിഞ്ഞൊതുക്കി 179/7
Thursday, October 16, 2025 12:16 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: മഹാരാഷ്ട്രയുടെ സ്കോര്‍ ബോര്‍ഡ് ചലിക്കുന്നതിനു മുമ്പ് വീണത് മൂന്ന് വിക്കറ്റ്..! അഞ്ചു റണ്‍സായപ്പോള്‍ നാലാം വിക്കറ്റ്. 18 റണ്‍സില്‍ അഞ്ചാം വിക്കറ്റ്.
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 2025-26 സീസണിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കെതിരേ നിലവിലെ ഫൈനലിസ്റ്റുകളായ കേരളത്തിനു സ്വപ്നതുല്യ തുടക്കം സമ്മാനിച്ച് ബൗളര്‍മാര്‍. എം.ഡി. നിധീഷിന്റെ പന്തുകള്‍ക്കു മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ മാഹാഷ്ട്രയുടെ ഓപ്പണിംഗ് ബാറ്റര്‍മാര്‍ പവലിയനിലേക്കു മടങ്ങുന്ന കാഴ്ചയാണ് ആദ്യമണിക്കൂറുകളില്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ കണ്ടത്.
ആദ്യദിനം 15 ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത് നിധീഷ് നാലു വിക്കറ്റ് സ്വന്തമാക്കി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എന്ന നിലയില്‍ മഹാരാഷ്ട്രക്കാര്‍ ഒന്നാംദിനം അവസാനിപ്പിച്ചു. മഴയും വെളിച്ചക്കുവും കാരണം 59 ഓവര്‍ മാത്രമേ ഇന്നലെ കളി നടന്നുള്ളൂ.
തീപ്പൊരി ഏറ്
ടോസ് നേടി പന്ത് കൈയിലെടുക്കാനുള്ള ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റ തീരുമാനത്തെ പൂര്‍ണായും ശരിവയ്ക്കുന്ന പ്രകടനമാണ് കേരള ബൗളര്‍മാര്‍ നടത്തിയത്. ഓപ്പണിംഗ് ബൗളിംഗിനിറങ്ങിയ എം.ഡി. നിധീഷ് ആദ്യ ഓവറില്‍ തന്നെ മഹാരാഷ്ട്രയുടെ ഓപ്പണര്‍മാരെ മടക്കി അയച്ചു.
നാലം പന്തില്‍ പൃഥ്വി ഷായെ (0) വിക്കറ്റിനു മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ സിദ്ധേഷ് വീറിനെ (0) വിക്കറ്റിനു പിന്നില്‍ മുഹമ്മദ് അസഹ്റുദ്ദീന്റെ കൈകളിലുമെത്തിച്ചു. രണ്ടാം ഓവറില്‍ എന്‍.പി. ബേസിലിന്റെ ഊഴമായിരുന്നു. അര്ഷിന് കുല്‍ക്കര്‍ണിയെ (0) റോഹന്‍ കുന്നുമ്മലിന്റെ കൈകളിലെത്തിച്ചു. ഉജ്വല ഡൈവിംഗ് ക്യാച്ചിലൂടെയാണ് രോഹന് കുല്‍ക്കര്‍ണിയെ മടക്കിയത്.
3.2-ാം ഓവറില്‍ ക്യാപ്റ്റന്‍ അങ്കിത് ബവന്റെ (0) വിക്കറ്റ് ബേസില്‍ ഇളക്കി. മഹാരാഷ്ട്രക്കാരുടെ ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ നാലു പേലും പൂജ്യത്തിനു പുറത്ത്! നാല് ഓവറിനുള്ളില്‍ എക്സ്ട്രാസായി ലഭിച്ച അഞ്ച് റണ്‍സ് മാത്രമായിരുന്നു മഹാരാഷ്ട്രയുടെ സമ്പാദ്യം. പൊരുതാന്‍ ശ്രമിച്ച സൗരവ് നാവ്ലെയെയും (12) വിക്കറ്റിനു മുന്നില്‍ നിധീഷ് കുടുക്കി. അതോടെ 10.4 ഓവറില്‍ സന്ദര്‍ശകര്‍ അഞ്ചിന് 18.
ഗെയ്ക്വാദ് - ജലജ്
തുടര്‍ന്നു ക്രീസില്‍ ഒന്നിച്ച ഋതുരാജ് ഗെയ്ക്വാദും ജലജ് സക്സേനയും ചേര്‍ന്നാണ് മഹാരാഷ്ട്രയെ കരകയറ്റിയത്. വര്‍ഷങ്ങളോളം കേരളത്തിന്റെ അതിഥി താരമായിരുന്ന സക്സേനയ്ക്ക് കേരളത്തിന്റെ ബൗളിംഗിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ആക്രമണത്തിനു മുതിരാതെ പൂര്‍ണമായും പ്രതിരോധത്തില്‍ കളിച്ച ഇരുവരും സിംഗിളുകള്‍ എടുത്ത് സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. ആറാം വിക്കറ്റിലെ ഈ കൂട്ടുകെട്ട് 214 പന്തുകളാണ് നേരിട്ടത്.
11-ാം ഓവറില്‍ അഞ്ചാം വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ഒത്തുചേര്‍ന്ന ഗെയ്ക്വാദ് -സക്സേന കൂട്ടുകെട്ട് 46.1-ാം ഓവര്‍വരെ പിടിച്ചുനിന്നു. 46.2-ാം ഓവറില്‍ ജലജ് സക്സേനയെ നിധീഷ് എല്‍ബിഡബ്ല്യുവിൽ കുടുക്കി മടക്കി. 106 പന്തു നേരിട്ട ജലജ് നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 49 റണ്‍സ് നേടി.
സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഗെയ്ക്വാദിനെ ഏദന്‍ ആപ്പിള്‍ ടോം വിക്കറ്റിനു മുന്നില്‍ കുടുക്കി. 151 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടെ 91 റണ്‍സ് നേടിയാണ് ഗെയ്ക്വാദ് മടങ്ങിയത്. മത്സരം നിര്‍ത്തുമ്പോള്‍ വിക്കി ഓട്സ്വാള്‍ (10), രാമകൃഷ്ണ ഘോഷ് (11) എന്നിവരാണ് ക്രസീല്‍.