അബിയ ആന്‍ ജിജിക്ക് ദേശീയ റിക്കാര്‍ഡ്
Sunday, October 12, 2025 11:32 PM IST
ഭുവനേശ്വര്‍: 40-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിനമായ ഇന്നലെ കേരളത്തിന്റെ അബിയ ആന്‍ ജിജി റിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ഹൈജംപില്‍ 1.56 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് അബിയ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണത്തില്‍ മുത്തംവച്ചത്. തമിഴ്നാടിന്റെ എസ്. ധന്യ 1.53 മീറ്ററുമായി വെള്ളി സ്വന്തമാക്കി. 1.52 മീറ്റര്‍ ആയിരുന്നു നിലവിലെ റിക്കാര്‍ഡ്.
ചാടി നേടി
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഹൈജംപിനു പിന്നാലെ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ഹൈജംപിലും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ട്രിപ്പിള്ജംപിലും അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോംഗ്ജംപിലും കേരളം ഇന്നലെ വെങ്കലം സ്വന്തമാക്കി.
അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ 5.69 മീറ്ററുമായി എസ്. അനന്യയാണ് കേരളത്തിനായി വെങ്കലം നേടിയത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഹൈജംപില്‍ മുഹമ്മദ് റബീഹ് 1.78 മീറ്ററുമായി വെങ്കലം സ്വന്തമാക്കി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംപില്‍ 12.29 മീറ്റര്‍ ക്ലിയര്‍ ചെയ്ത് ജാനിസ് ട്രെസ റെജിയും വെങ്കലം നേടി.
വെങ്കല റിലേ

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍ കേരളം വെങ്കലം നേടി. ഡെല്‍ന, എയ്ഞ്ചല്‍ ജയിംസ്, അനാമിക, പി.എന്‍. അബിയ എന്നിവരായിരുന്നു ബാറ്റണ്‍ കൈയിലേന്തിയത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ മെഡ്ലെ റിലേയില്‍ പി. അനന്യ, ഭൂമിക സജീവ്, ടി.വി. ദേവശ്രീ, ശ്രീനന്ദ എന്നിവരുടെ സംഘം വെങ്കലം സ്വന്തമാക്കി.