സ്മൃതി മധുരം !; വനിതാ ക്രിക്കറ്റ്:
Sunday, October 12, 2025 11:32 PM IST
വിശാഖപട്ടണം: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സ്മൃതി മധുരം സൂപ്പര്‍ താരം സ്മൃതി മന്ദാന. 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ ഓസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ 66 പന്തില്‍ 80 റണ്‍സ് നേടിയാണ് സ്മൃതി മന്ദാന ചരിത്രത്താളില്‍ ഇടംപിടിച്ചത്.
വനിതാ ഏകദിന ചരിത്രത്തില്‍ അതിവേഗം 5000 റണ്‍സ് എന്ന റിക്കാര്‍ഡ് സ്മൃതി ഇന്നലെ സ്വന്തമാക്കി. 112-ാം ഇന്നിംഗ്സിലാണ് സ്മൃതി വനിതാ ഏകദിനത്തില്‍ 5000 റണ്‍സ് തികച്ചത്. 129 ഇന്നിംഗ്സില്‍ ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്ലറിന്റെ റിക്കാര്‍ഡ് 29കാരിയായ സ്മൃതി മറികടന്നു. നേരിട്ട പന്ത്, ഏറ്റവും കുറഞ്ഞ പ്രായം ഇക്കാര്യങ്ങളിലെ റിക്കാര്‍ഡും ഇന്ത്യന്‍ താരത്തിനു സ്വന്തം. ഇന്ത്യക്കായി വനിതാ ഏകദിന ചരിത്രത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത് താരമാണ് സ്മൃതി. മിതാലി രാജ് (7805) മാത്രമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
2025 കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സും സ്മൃതി പിന്നിട്ടു. ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് സ്മൃതി. മാത്രമല്ല, വനിതാ ഏകദിന ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററും സ്മൃതിതന്നെ. 2025ല്‍ ഇതുവരെയുള്ള 18 ഇന്നിംഗ്സിലാണ് സ്മൃതി 1000 റണ്‍സ് കടന്നത്. ഓസ്ട്രേലിയയ്ക്കെതിരേ തുടര്‍ച്ചയായ അഞ്ചാം ഇന്നിംഗ്സിലും 50+ സ്കോര്‍ നേടാനും സ്മൃതിക്കു സാധിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരിയും ഇന്ത്യന്‍ ഓപ്പണറാണ്.
കോഹ്ലിയെ മറികടന്നു
ഇന്ത്യക്കായി രാജ്യാന്തര ഏകദിനത്തില്‍ അതിവേഗം 5000 റണ്‍സ് നേടുന്ന താരമെന്ന (പുരുഷ-വനിത) റിക്കാര്‍ഡില്‍ വിരാട് കോഹ്ലിയെയും സ്മൃതി മന്ദാന പിന്തള്ളി. 114 ഇന്നിംഗ്സില്‍ 5000 റണ്‍സ് നേടിയ ഇന്ത്യന്‍ പുരുഷ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ റിക്കാര്‍ഡാണ് 112-ാം ഇന്നിംഗ്സില്‍ സ്മൃതി മറികടന്നത്. ശിഖര്‍ ധവാന് (118), സൗരവ് ഗാംഗുലി (126), എം.എസ്. ധോണി (135), ഗൗതം ഗംഭീര്‍ (135) എന്നിവരാണ് ഇന്ത്യക്കായി അതിവേഗം 5000 ഏകദിന റണ്‍സ് നേടിയതില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഇന്ത്യ 330 (48.5)
ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ കുറിച്ചത് 330 റണ്‍സ്. പ്രതീക റാവല്‍ (75), സ്മൃതി മന്ദാന (80) ഓപ്പിംഗ് കൂട്ടുകെട്ട് 24.3 ഓവറില്‍ 155 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. പിന്നീട് ഹര്‍ലീന്‍ ഡിയോള്‍ (38), ജെമീമ റോഡ്രിഗസ് (33), റിച്ച ഘോഷ് (32), ഹര്‍മന്‍പ്രീത് കൗര്‍ (22) എന്നിവരും ചേര്‍ന്നതോടെ ഇന്ത്യയുടെ സ്കോര്‍ 330ല്‍ എത്തി. എങ്കിലും 50 ഓവര്‍ ബാറ്റിംഗ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കു സാധിച്ചില്ല.
വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഓസ്ട്രേലിയയ്ക്ക് എതിരേ എതെങ്കിലും ഒരു ടീം 300ല്‍ അധികം റണ്‍സ് നേടുന്നത് ഇതാദ്യമാണ്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യന്‍ വനിതകളുടെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇതുതന്നെ. ലോകകപ്പ് ചരിത്രത്തില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഏതെങ്കിലും ഒരു ടീം നേടുന്ന ഉയര്‍ന്ന സ്കോറും ഇന്ത്യയുടെ 330 ആണ്.
ഹാപ്പി ബെര്‍ത്ത് ഡേ
9.5 ഓവറില്‍ 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അന്നബല്‍ സതര്‍ലാന്‍ഡാണ് ഇന്ത്യയെ 48.5 ഓവറില്‍ ഓള് ഔട്ട് ആക്കിയത്. ഓസീസ് താരത്തിന്റെ 24-ാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തില് അഞ്ച് വിക്കറ്റ് പ്രകടനം സ്വന്തമാക്കുന്ന ആദ്യ വനിതയാണ് സതര്‍ലന്‍ഡ്.
ഓസീസിന്റെ റിക്കാർഡ് ചേസ്
ഇന്ത്യ മുന്നോട്ടുവച്ച 331 റൺസ് എന്ന ലക്ഷ്യം ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസിംഗാണ് നിലവിലെ ചാന്പ്യന്മാർ നടത്തിയത്. ക്യാപ്റ്റൻ അലീസ ഹീലിയാണ് (142) ഓസീസിനെ മുന്നിൽനിന്നു നയിച്ചത്. എൽസി പെറി (47 നോട്ടൗട്ട്), ആഷ്ലി ഗാർഡ്നർ (45) എന്നിവരും തിളങ്ങി.
സ്കോർ: ഇന്ത്യ 48.5 ഓവറിൽ 330. ഓസ്ട്രേലിയ 49 ഓവറിൽ 331/7.