കൊമ്പന്‍സ് വമ്പ്
Saturday, October 11, 2025 4:49 AM IST
തിരുവനന്തപുരം: കേരള സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 2025 സീസണില്‍ തിരുവനന്തപുരം കൊമ്പന്‍സിന് ആദ്യ ജയം. ഇന്നലെ സ്വന്തം തട്ടകമായ തിരുവന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് 1-0ന് ഫോഴ്സ കൊച്ചിയെ കീഴടക്കി.
രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ബ്രസീല്‍ താരം പൗലോ വിക്ടറിന്റെ (73') ഗോളിലായിരുന്നു കൊമ്പന്‍സിന്റെ ജയം. രണ്ടു മത്സരങ്ങളില്‍നിന്ന് കൊമ്പന്‍സിന് മൂന്നു പോയിന്റായി. ഫോഴ്സ കൊച്ചിക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല.
അഞ്ചാം മിനിറ്റില്‍ ഇടതു വിംഗിലൂടെ മുന്നേറി കൊമ്പന്‍സിന്റെ അണ്ടര്‍ 23 താരം അക്ഷയ് നടത്തിയ ഗോള്‍ ശ്രമം ഫോഴ്സ കൊച്ചി ഗോള്‍ കീപ്പര്‍ റഫീഖ് അലി സര്‍ദാറിന്റെ കൈകളില്‍ അവസാനിച്ചതോടെയാണ് മത്സരം ചൂടുപിടിച്ചത്. തകര്‍ത്തു കളിക്കുകയായിരുന്ന അക്ഷയ് 16-ാം മിനിറ്റില്‍ പരിക്കറ്റ് മടങ്ങി. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ കൊച്ചി ഗോള്‍ കീപ്പര്‍ റഫീഖ് അലി സര്‍ദാര്‍, കൊമ്പന്‍സ് താരങ്ങളായ പാട്രിക് മോട്ട, ഷാനിദ് വാളന്‍ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ്.
54-ാം മിനിറ്റില്‍ ഫോഴ്സ കൊച്ചിയുടെ ബ്രസീലിയന്‍ താരം ഡഗ്ലസ് റോസ നാല് എതിര്താരങ്ങള്ക്കിടയില് നിന്ന് പറത്തിയ കനത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ഇടതു വിംഗിലൂടെ മുന്നേറി മൂന്ന് പ്രതിരോധക്കാര്‍ക്ക് ഇടയില്‍ നിന്ന് മുഹമ്മദ് അസ്ഹര്‍ നല്കിയ പന്ത് പകരക്കാരനായി വന്ന ബ്രസീല്‍ താരം പൗലോ വിക്ടര്‍ ഹെഡ് ചെയ്ത് ഫോഴ്സ കൊച്ചിയുടെ വലയിലെത്തിച്ചു. സ്തനാര്‍ബുദ ബോധവത്ക്കരണ ഭാഗമായി കൊമ്പന്‍സ് പിങ്ക് ജഴ്സിയിലാണ് കളത്തിലിറങ്ങിയത്.