വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പ്: ഇന്ത്യക്കു ജയം
Wednesday, October 8, 2025 12:25 AM IST
കൊച്ചി: കാക്കനാട് യുഎസ്സി ഗ്രൗണ്ടില്‍ നടക്കുന്ന വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യക്കു ജയം.
പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ ഇന്ത്യ സെമി പ്രവേശന സാധ്യത നിലനിര്‍ത്തി. ഇന്ത്യക്കുവേണ്ടി അക്ഷര റാണ, ഷിഫാലി റാവത് എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആദ്യമത്സരത്തില്‍ ഇന്ത്യ ബ്രസീലിനോടു തോറ്റിരുന്നു. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ജപ്പാനും അര്‍ജന്റീനയും തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ജപ്പാന് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കാനഡയെയും അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് തുര്‍ക്കിയെയുമാണ് തോൽപ്പിച്ചത്. ഗ്രൂപ്പ് എയില്‍ ബ്രസീലും ഇംഗ്ലണ്ടും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.