ആരെയാണ് ഒഴിവാക്കിയത്?; ബിഹാർ വോട്ടർപട്ടികയിൽ സുപ്രീംകോടതി
Wednesday, October 8, 2025 1:54 AM IST
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണത്തെ തുടർന്ന് അന്തിമ വോട്ടർപട്ടികയിൽനിന്നും പുറത്തായ 3.66 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതി നിർദേശം.
സുതാര്യതയും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കലുമാണ് തുറന്ന ജനാധിപത്യത്തിന്റെ മുഖമുദ്രയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഓരോരുത്തർക്കും പരാതി നൽകാനുള്ള അവകാശമുണ്ടെന്നും ബിഹാർ വോട്ടർപട്ടികയുടെ തീവ്രപരിഷകരണവുമായി ബന്ധപ്പെട്ട (എസ്ഐആർ) ഹർജികൾ പരിഗണിക്കവെ ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ യോഗ്യത തെളിയിക്കാൻ സാധിച്ചില്ല എന്നു ചൂണ്ടിക്കാട്ടി 65 ലക്ഷം വോട്ടർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കിയിരുന്നു. എന്നാൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 21 ലക്ഷം വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തി. തിരികെ ചേർത്ത ഈ പേരുകൾ ആദ്യം നീക്കിയ പേരുകളിൽ ഉൾപ്പെട്ടതാണോ അതോ പുതിയ പേരുകളാണോ എന്ന ആശയക്കുഴപ്പം കോടതി പ്രകടിപ്പിച്ചു.
എന്നാൽ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയ ഭൂരിഭാഗം പേരും പുതിയ വോട്ടർമാരാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. തുടർന്ന് കരട് വോട്ടർ പട്ടികയും അന്തിമ വോട്ടർപട്ടികയും താരതമ്യം ചെയ്ത് ആവശ്യമായ വിവരങ്ങൾ പുറത്തുവിടാൻ കമ്മീഷനോട് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും
എസ്ഐആർ സങ്കീർണമാക്കിയെന്ന് ഹർജിക്കാർ
വോട്ടർപട്ടിക പരിഷ്കരിക്കുന്നതിനു പകരം തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ കൂടുതൽ സങ്കീർണമാക്കിയതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ആരോപിച്ചു. വോട്ടർമാരെ ഒഴിവാക്കിയതിനുള്ള കാരണങ്ങൾ കമ്മീഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അന്തിമ വോട്ടർപട്ടികയിൽനിന്ന് ലക്ഷക്കണക്കിന് സ്ത്രീകൾ അപ്രത്യക്ഷരായി. 2025 സെപ്റ്റംബറിൽ ബിഹാറിലെ ലിംഗാനുപാതം 934 ആയിരിക്കുന്പോൾ അന്തിമ വോട്ടർപട്ടിക പ്രകാരം അത് 892 ആയി. ഇത് 17 ലക്ഷം സ്ത്രീകളെ നീക്കംചെയ്തതായി സൂചിപ്പിക്കുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കരട് പട്ടികയിനിന്ന് ഒഴിവാക്കപ്പെട്ടവരിൽ 25 ശതമാനം മുസ്ലിം വോട്ടർമാരാണെന്ന് ഹർജിക്കാർ ആരോപിച്ചു.
അന്തിമപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടർമാരിൽ 34 ശതമാനവും മുസ്ലിം വിഭാഗത്തിൽ പെടുന്നവരാണെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ഒഴിവാക്കപ്പെട്ട വോട്ടർമാർ കോടതിയെ സമീപിച്ചിട്ടില്ല: കമ്മീഷൻ
വിവരങ്ങൾ പ്രസിദ്ധപ്പെടുത്താതെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവർക്ക് അക്കാര്യം അറിയാൻ സാധിക്കില്ല. നീക്കം ചെയ്തതിന്റെ കാരണങ്ങൾ അറിഞ്ഞാൽ മാത്രമേ പരാതിപ്പെടാൻ സാധിക്കൂവെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വാദത്തെ എതിർത്തു. വിവരങ്ങൾ കൈമാറിയതായി കമ്മീഷനുവേണ്ടി അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു. ഒഴിവാക്കപ്പെട്ട വോട്ടർമാർ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ഡൽഹിയിലെ രാഷ്ട്രീയക്കാരും എൻജിഒകളും മാത്രമാണ് ഈ വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ബാധിക്കപ്പെട്ട ആരെങ്കിലും കോടതിയെ സമീപിച്ചാൽ ചില നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റീസ് സൂര്യകാന്ത് വാദത്തിനിടയിൽ അഭിപ്രായപ്പെട്ടു. ഇതിനോടകം നിരവധി ഉദാഹരണങ്ങൾ കോടതിക്കു മുന്നിൽ നല്കിയതാണെന്നും ഇനിയും നൂറ് കണക്കിന് ആളുകളെ കോടതിക്കു മുന്നിൽ എത്തിക്കാൻ സാധിക്കുമെന്നും പ്രശാന്ത് ഭൂഷണ് മറുപടി നൽകി.
പേരു നീക്കം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയുടെ സത്യവാങ്മൂലവും അദ്ദേഹം കൈമാറി. 7.42 കോടി വോട്ടർമാരാണ് ബിഹാറിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉൾപ്പെട്ടിരിക്കുന്നത്.