എസ്ഐആർ: തെരഞ്ഞെടുപ്പു കമ്മീഷന് സുതാര്യതയില്ലെന്ന് കോണ്‍ഗ്രസ്
Wednesday, October 8, 2025 1:54 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയിൽ നടപ്പാക്കിയ പ്രത്യേക തീവ്രപരിഷ്കരണത്തിൽ (എസ്ഐആർ) തെരഞ്ഞെടുപ്പ് കമ്മീഷനു സുതാര്യതയില്ലെന്ന് കോണ്‍ഗ്രസ്.
പൗരന്മാരല്ലാത്ത എത്ര പേരെ വോട്ടർപട്ടികയിൽ നിന്നു നീക്കംചെയ്തു എന്നതു സംബന്ധിച്ച വിവരങ്ങൾ നല്കാൻ കമ്മീഷൻ തയാറാകാത്തതിനെത്തുടർന്നാണ് കോണ്‍ഗ്രസിന്റെ വിമർശനം.
പൗരന്മാരല്ലാത്തവരെ നീക്കംചെയ്യണമെന്ന് കമ്മീഷൻ നിരന്തരം പ്രഖ്യാപിക്കുന്നു. എന്നാൽ, ഇത്തരത്തിൽ എത്ര പേരെ നീക്കംചെയ്തു എന്നു വ്യക്തമാക്കാൻ ധൈര്യമില്ലെന്ന് കോണ്‍ഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.
കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നെങ്കിൽ എസ്ഐആർ നടപടി കൂടുതൽ സുതാര്യമാകുമായിരുന്നു എന്ന് കോണ്‍ഗ്രസ് പറഞ്ഞു. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 65 ലക്ഷത്തോളം ആളുകളെ പട്ടികയിൽനിന്നു നീക്കം ചെയ്തിരുന്നു.
അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചപ്പോൾ 3.66 പേരെയും നീക്കംചെയ്തതായി കമ്മീഷൻ വ്യക്തമാക്കി. എന്നാൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തന്നെയാണോ അന്തിമ പട്ടികയിൽനിന്നു പുറത്ത് പോയത് എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തിയിട്ടില്ല.