കരൂർ ദുരന്തം: തിരിച്ചുവരവിനു ശ്രമവുമായി വിജയ്
Wednesday, October 8, 2025 1:54 AM IST
ചെന്നൈ/കരൂർ: കരൂർ ദുരന്തത്തിലൂടെ നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. കരൂർ റാലിക്കിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി വാട്സ് ആപ്പ് വീഡിയോ കോളിലൂടെ വിജയ് സംസാരിച്ചു. ദുരന്തബാധിതർക്ക് സഹായവാഗ്ദാനങ്ങൾ നൽകുകയും ചെയ്തു.
കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാൻ വിജയ് തയാറാകാത്തത് വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. വിജയ് അനുശോചനം അറിയിച്ചതായി കൊല്ലപ്പെട്ടയാളിന്റെ കുടുംബാംഗങ്ങളിലൊരാൾ സ്ഥിരീകരിച്ചു. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ നടൻ, സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് റാലിയിലുണ്ടായതെന്ന കുറ്റസമ്മതവും നടത്തി.
കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.അപകടത്തിൽപ്പെട്ടവരെയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും വിജയ് എന്ന് സന്ദർശിക്കും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ, കുടുംബങ്ങളുടെ സഹായത്തിനായി ഉണ്ടാകണമെന്ന് പാർട്ടി പ്രവർത്തകർക്ക് വിജയ് നിർദേശം നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി വിജയ് സംസാരിച്ച കാര്യം ടിവികെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ടിവികെ സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരണമടഞ്ഞത്. കഴിഞ്ഞമാസം 27നുണ്ടായ അപകടത്തിൽ അറുപതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.