ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം ആദ്യം
സ്വന്തം ലേഖകൻ
Monday, October 6, 2025 4:18 AM IST
ന്യൂഡൽഹി: നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന നവംബർ 22ന് മുന്പ് ബിഹാറിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയശേഷം പാറ്റ്നയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തു നീതിയുക്തവും സമയബന്ധിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് എല്ലാ വശങ്ങളും കമ്മീഷൻ അവലോകനം ചെയ്തതായും നിരവധി പുതുമകളോടെയാകും തെരഞ്ഞെടുപ്പു പ്രക്രിയയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഒരു പോളിംഗ് സ്റ്റേഷനിലെ നിലവിലുള്ള വോട്ടർമാരുടെ എണ്ണം 1500ൽനിന്ന് 1200 ആയി കുറയ്ക്കും. പോളിംഗിന്റെ അവസാന മണിക്കൂറിൽ തിരക്ക് ഒഴിവാക്കാനാണ് ഈ നടപടിയെന്നാണു കമ്മീഷന്റെ വിശദീകരണം. കൂടാതെ വോട്ടർമാർക്ക് അവരുടെ മൊബൈൽ ഫോണുകൾ പോളിംഗ് സ്റ്റേഷനു പുറത്ത് സൂക്ഷിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തും.
പോളിംഗ് സ്റ്റേഷനുള്ളിൽ മൊബൈൽഫോണ് കൊണ്ടുപോകാൻ സാധിക്കില്ല. ഇതിനുപുറമെ പോളിംഗ് സ്റ്റേഷനു പുറത്തുള്ള രാഷ്ട്രീപാർട്ടികൾക്കുള്ള പ്രചാരണത്തിനും പരിഷ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. 100 മീറ്ററിന് അപ്പുറത്ത് മാത്രമേ രാഷ്ട്രീയപാർട്ടികൾക്കു പ്രചാരണം നടത്താൻ സാധിക്കൂ. വോട്ടിംഗ് അന്തരീക്ഷത്തിന്റെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനും വോട്ടർമാർക്ക് ശല്യം ഉണ്ടാകുന്നത് തടയുന്നതിനുമാണ് ഈ നടപടി.
വോട്ടിംഗ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനും നിരീക്ഷണം ഉറപ്പാക്കുന്നതിനും എല്ലാ പോളിംഗ് സ്റ്റേഷനുകളിലും 100 ശതമാനം വീഡിയോ ചിത്രീകരണമുണ്ടാകും. കൂടാതെ പോളിംഗ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്നതിനുമുന്പ് പ്രിസൈഡിംഗ് ഓഫീസർമാർ ബൂത്ത് തിരിച്ചുള്ള പോളിംഗ് വിവരങ്ങൾ അടങ്ങിയ ഫോം 17 സി പാർട്ടി ഏജന്റുമാർക്ക് കൈമാറേണ്ടതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടർ സ്ലിപ്പുകളിലും മാറ്റമുണ്ട്. സ്ലിപ്പിലെ പേരുവിവരങ്ങൾ വലിപ്പത്തിൽ പ്രസിദ്ധീകരിക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകി. ബൂത്ത് ലെവൽ ഓഫീസർമാർക്കും ഏജന്റുമാർക്കും ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്മെന്റിൽ പരിശീലനം നൽകി. വിശ്വാസ്യത വർധിപ്പിക്കുന്നതിനും പൊതുജനങ്ങളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനുമായി ബിഎൽഒമാർക്ക് സ്റ്റാൻഡേർഡ് ഫോട്ടോ ഐഡി കാർഡുകളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അവലോകനത്തിന് ബിഹാറിലെത്തിയ കമ്മീഷൻ ദേശീയ പാർട്ടികളുമായും പ്രാദേശിക പാർട്ടിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുപുറമെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ.സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ബിഹാറുകാരുടെ പ്രധാന ആഘോഷമായ ഛഠ് പൂജയ്ക്ക് തൊട്ടുപിന്നാലെ ഒന്നോ രണ്ടോ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണു വിവിധ പാർട്ടികൾ കമ്മീഷൻമുന്പാകെ ആവശ്യപ്പെട്ടത്. ഈമാസം അവസാനമാണു ഛഠ് പൂജ.