നേതൃമാറ്റ ചർച്ച ഒഴിവാക്കണമെന്ന് പ്രവർത്തകരോട് ഡി.കെ. ശിവകുമാർ
Friday, October 3, 2025 3:43 AM IST
ബംഗളൂരു: സംസ്ഥാനത്ത് നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ ഒഴിവാക്കണമെന്ന് പ്രവർത്തകരോട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇത്തരം ചർച്ചകൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംഎൽഎ എച്ച്.ഡി. രംഗനാഥും ശിവകുമാറിന്റെ ബന്ധുവും മുൻ എംപിയുമായ എൽ.ആർ. ശിവറാം ഗൗഡയുമാണ് ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രസ്താവന നടത്തിയത്.
നവംബറിൽ ഇതുണ്ടാകുമെന്നും ഗൗഡ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഡി.കെ. ശിവകുമാർതന്നെ കോൺഗ്രസ് നേതാക്കൾക്ക് താക്കീതുമായി രംഗത്തുവന്നത്.
രംഗനാഥ് ഉൾപ്പെടെ ആരെയും നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾക്കു ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിൽ പ്രസ്താവന നടത്തിയതിനു കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകാൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.സി. ചന്ദ്രശേഖറോടു നിർദേശിച്ചതായും ശിവകുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പാർട്ടിയുടെ അന്തിമവാക്കാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാർട്ടി മുന്നോട്ടുതന്നെയാണെന്നും ശിവകുമാർ വ്യക്തമാക്കി.