ബിഹാറിൽ അന്തിമ വോട്ടർപട്ടികയിൽ 7.42 കോടി പേർ
Wednesday, October 1, 2025 1:38 AM IST
പാറ്റ്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 7.42 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ജൂണിൽ എസ്ഐആർ ആരംഭിച്ചശേഷം 47 ലക്ഷം വോട്ടർമാരുടെ കുറവുണ്ടായി.
ഓഗസ്റ്റിൽ പുറത്തിറക്കിയ കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരാണുണ്ടായിരുന്നത്. സ്ഥലം മാറിപ്പോയവരുടെയും മരിച്ചവരുടെയും പട്ടികയിൽ ഉൾപ്പെടുത്തി 65 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 21.53 ലക്ഷം വോട്ടർമാരെ ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. കരട്പട്ടികയിലുണ്ടായിരുന്ന 3.66 ലക്ഷം പേരെ അന്തിമ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വോട്ടവകാശമുണ്ടോയെന്ന് ഓരോരുത്തരും ഓൺലൈനായി പരിശോധിക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ജില്ലയും മണ്ഡലവും തിരിച്ചുള്ള വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.