ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിൽ വോട്ടുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല: സുപ്രീംകോടതി
സ്വന്തം ലേഖകൻ
Monday, September 29, 2025 2:03 AM IST
ന്യൂഡൽഹി: ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ പേരുള്ളയാൾക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിൽ രണ്ടു മണ്ഡലങ്ങളിൽ പേരുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവാദ സർക്കുലർ സുപ്രീംകോടതി റദ്ദാക്കി.
തെരഞ്ഞെടുപ്പു കമ്മീഷന്റെ സർക്കുലർ സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഉത്തരാഖണ്ഡ് ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി.
നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഒരു സർക്കുലർ എങ്ങനെ പുറപ്പെടുവിക്കാൻ സാധിക്കുമെന്നു ചോദിച്ച കോടതി, തെരഞ്ഞെടുപ്പു കമ്മീഷന് രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി.
ഒന്നിലധികം ഗ്രാമപഞ്ചായത്തുകളിലോ പ്രാദേശിക മണ്ഡലങ്ങളിലോ മുനിസിപ്പൽ സ്ഥാപങ്ങളിലോ ആയി വോട്ടർപട്ടികയിൽ പേരുള്ള സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക അക്കാരണത്താൽ നിരസിക്കരുത് എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ റിട്ടേണിംഗ് ഓഫീസർമാർക്കു നൽകിയ നിർദേശം.
എന്നാൽ, ഈ സർക്കുലർ തെരഞ്ഞെടുപ്പുകളിൽ നടപ്പാകില്ലെന്ന് ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ഒന്നിലധികം വോട്ടർപട്ടികയിൽ പേരുള്ള ഒരാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്നത് പഞ്ചായത്ത് രാജ് നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ആദ്യം ഹൈക്കോടതിയെ സമീപിച്ചത്.