മതാധ്യാപകരുടെ സേവനം മഹത്തരം: മാര്‍പാപ്പ
Monday, September 29, 2025 12:54 AM IST
വത്തിക്കാന്‍ സിറ്റി: വിശ്വാസയാത്രയില്‍ നമ്മെ അനുദിനം അനുഗമിക്കുന്നവരാണ് മതാധ്യാപകരെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. പ്രത്യാശയുടെ ജൂബിലിവര്ഷാചരണത്തിന്റെ ഭാഗമായി വത്തിക്കാനിലും റോമിലുമായി നടന്നുവന്ന, ലോകമെങ്ങുമുള്ള മതാധ്യാപകരുടെ ജൂബിലിയാഘോഷത്തിനു സമാപനം കുറിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധകുര്‍ബാനമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. വിശ്വാസജീവിതത്തില്‍ മറ്റുള്ളവരെ വഴിനടത്തുന്ന മതാധ്യാപകരുടെ സേവനം മഹത്തരമാണ്. മറ്റുള്ളവര്‍ക്ക് ഈശോയെ പകര്‍ന്നുകൊടുക്കാന്‍ എല്ലാ ക്രൈസ്തവര്‍ക്കും ഉത്തരവാദിത്വമുണ്ട്.
വചനം സ്വന്തം ജീവിതംകൊണ്ട് പ്രഘോഷിക്കുന്നവരാണു മതാധ്യാപകര്‍. വിശ്വാസം പ്രഘോഷിച്ചു കടന്നുപോയവരുടെ സാക്ഷ്യങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഈ സാക്ഷ്യത്തിലൂടെ വിശ്വാസം പ്രഘോഷിക്കാന്‍ നമ്മളെല്ലാവരും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ബാല്യം മുതല്‍ കൗമാരം, യൗവനം, വാര്‍ധക്യം തുടങ്ങി ജീവിതാവസാനം വരെ മതാധ്യാപകര്‍ നമ്മുടെ വിശ്വാസപരിപോഷണത്തില് സദാ ഒപ്പമുണ്ട്.
മതാധ്യാപകരും അവരുടെ മാതൃകയില്‍ മറ്റുള്ളവരെ പഠിപ്പിക്കുന്ന എല്ലാവരും സഭയുടെ അജപാലനദൗത്യത്തില്‍ പങ്കുചേരുന്നു. മതാധ്യാപകര്‍ വിശ്വാസതീക്ഷ്ണതയാല്‍ ജ്വലിക്കുന്നവരാകണമെന്നും ഇത് വിശ്വാസയാത്രയില്‍ മറ്റുള്ളവര്‍ക്ക് ഏറെ സഹായമേകുമെന്നും മാര്‍പാപ്പ പറഞ്ഞു.
വിശുദ്ധ കുര്‍ബാനയില്‍ ലോകത്തിലെ 115 രാജ്യങ്ങളില്‍നിന്നുള്ള 25,000ത്തോളം മതാധ്യാപകരും ആയിരക്കണക്കിന് തീര്‍ഥാടകരും പങ്കെടുത്തു. ഇന്ത്യയില്‍നിന്നുള്‍പ്പെടെ മികവ് പുലര്‍ത്തിയ 39 മതാധ്യാപകരെ മാര്‍പാപ്പ ആദരിക്കുകയും സുവിശേഷം പ്രഘോഷിക്കാനുള്ള അവരുടെ വിളിയുടെ മൂര്‍ത്തമായ അടയാളമായി അവര്‍ക്ക് കുരിശുരൂപം നല്‍കുകയും ചെയ്തു.
ആലപ്പുഴ രൂപതാംഗവും വിശ്വാസരൂപീകരണത്തിനായുള്ള സിസിബിഐ കമ്മീഷന് നാഷണല്‍ കൗണ്‍സില്‍ മെംബറുമായ ബോബന് ക്ലീറ്റസ്, ബാംഗളൂർ അതിരൂപതാംഗവും യൂത്ത് കാറ്റിക്കിസം ഓഫ് കാത്തലിക് ചര്‍ച്ച്(യുകാറ്റ്) മെംബറുമായ സുനില്‍ ആന്റണി തോമസ്, ഹൈദരാബാദ് അതിരൂപതാംഗവും യുകാറ്റ് മെംബറുമായ ലാരിസ പീറ്റര്‍ എന്നിവരാണ് ഇന്ത്യയില്‍നിന്ന് ആദരിക്കപ്പെട്ട മതാധ്യാപകര്‍.