കൈക്കൂലി: ചൈനയിൽ മുൻ കൃഷിമന്ത്രിക്ക് വധശിക്ഷ
Monday, September 29, 2025 12:54 AM IST
ബെയ്ജിംഗ്: ചൈനയിൽ കൈക്കൂലിക്കേസിൽ മുൻ കൃഷിമന്ത്രിക്ക് വധശിക്ഷ. മുൻ കൃഷി, ഗ്രാമവികസന മന്ത്രി ടാങ് റെൻജിയാനാണ് വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിലെ കോടതി വധശിക്ഷ വിധിച്ചത്. 38 ദശലക്ഷം ഡോളറിന്റെ അഴിമതിക്കേസിലാണ് നടപടി. ടാങിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും കൈക്കൂലിയിൽനിന്നുള്ള സമ്പാദ്യം തിരിച്ചുപിടിച്ച് ദേശീയ ട്രഷറിയിലേക്ക് മാറ്റുകയും ചെയ്യുമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
2007 മുതൽ 2024 വരെയുള്ള കാലയളവിൽ ടാങ് പണമായും സ്വത്തുക്കളായും 268 ദശലക്ഷം യുവാൻ കൈക്കൂലി കൈപ്പറ്റിയതായാണ് കോടതി കണ്ടെത്തിയത്. ടാങ് കുറ്റം സമ്മതം നടത്തുകയും അന്തിമ മൊഴിയിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് ഷി ചിൻപിംഗ് അധികാരത്തിൽ വന്നതിനുശേഷം അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ഒരു ദശലക്ഷത്തിലധികം ചൈനീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുകയോ അച്ചടക്കനടപടിക്ക് വിധേയരാകുകയോ ചെയ്തിട്ടുണ്ട്. ഇതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടും.