കാർഷിക കേരളത്തിനു തളർച്ച
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, September 29, 2025 12:50 AM IST
കനത്ത മഴയിൽ വ്യാപക കൃഷിനാശം, പ്രതികൂല കാലാവസ്ഥയിൽ റബർ ടാപ്പിംഗ് പൂർണമായി സ്തംഭിച്ചത് വ്യവസായികളെ സമ്മർദത്തിലാക്കി, സപ്ലെയർമാർ ഷീറ്റിനായി പരക്കംപാഞ്ഞു. ഓഗസ്റ്റിനു ശേഷം നാളികേരോത്പന്നങ്ങൾക്ക് വില ഇടിവ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നവരാത്രി ആഘോഷങ്ങളിൽ അമർന്നതോടെ സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യകാർ കുറഞ്ഞു, കുരുമുളകിനു വിലയിടിവ്, ലേല കേന്ദ്രങ്ങളിൽ ഏലത്തിനു തളർച്ച. പവൻ ഒരു ചുവടുകൂടി മുന്നേറി.
കനത്ത മഴ: ടാപ്പിംഗ് മുടങ്ങുന്നു
കനത്ത മഴയിൽ സംസ്ഥാനത്ത് റബർ ടാപ്പിംഗ് പൂർണമായി സ്തംഭിച്ചത് വിലക്കയറ്റത്തിന് വഴിതെളിച്ചു. ന്യൂനമർദ ഫലമായി അനുഭവപ്പെട്ട ശക്തമായി മഴയിൽ കാർഷിക വിളകൾക്ക് കനത്ത നാശം സംഭവിച്ചു. വാരത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ ലഭ്യമായത് ഉത്പാദകരെ തോട്ടങ്ങളിൽ സജീവമാക്കി. എന്നാൽ, വാരമധ്യത്തോടെ കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ പോലും ടാപ്പിംഗിന് അവസരം കണ്ടെത്താനാവാതെ കർഷകർ രംഗത്തുനിന്നും പൂർണമായി വിട്ടുനിൽക്കാൻ നിർബന്ധിതരായി.

നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ വാരമധ്യത്തോടെ റബർ വെട്ട് പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. ഇതിനിടയിൽ ഷീറ്റ് ക്ഷാമം മുന്നിൽകണ്ട് ടയർ ലോബി നാലാം ഗ്രേഡ് റബർ വില 18,800 രൂപ വരെ ഉയർത്തിയെങ്കിലും വിൽപ്പനക്കാരില്ലാത്ത അവസ്ഥയായിരുന്നു. അഞ്ചാം ഗ്രേഡ് 18,500ലും ഒട്ടുപാൽ 12,200 രൂപയിലും ലാറ്റക്സ് 12,100 രൂപയിലും വ്യാപാരം നടന്നു.
വിയറ്റ്നാം മേഖലയിൽ ന്യൂനമർദ ഫലമായി മഴമേഘങ്ങൾ തായ്ലാൻഡ് ലക്ഷ്യമാക്കി സഞ്ചരിക്കുന്നത് കനത്ത പേമാരിക്ക് ഇടയാക്കുമെന്നാണ് അവിടെനിന്നുള്ള റിപ്പോർട്ടുകൾ. അതേ സമയം ഒക്ടോബർ-ഡിസംബർ കാലയളവിൽ ടാപ്പിംഗ് രംഗത്ത് ഉണർവ് കണ്ട് തുടങ്ങുമെന്നതിനാൽ റബർ ഉത്പാദനത്തിലും കയറ്റുമതിയിലും അവർ സജീവമാകുമെന്ന നിലപാടിലാണ് റബർ ഇറക്കുമതി രാജ്യങ്ങൾ. തായ് മാർക്കറ്റായ ബാങ്കോക്കിൽ 186 രൂപയിലാണ് റബറിന്റെ വിപണനം നടക്കുന്നത്.
ഇതിനിടയിൽ ഒക്ടോബർ ആദ്യവാരം ഉത്സവദിനങ്ങളുടെ ഭാഗമായി ചൈനീസ് മാർക്കറ്റ് ഒരാഴ്ച പ്രവർത്തിക്കില്ല. അവധി ദിനങ്ങൾ മുന്നിൽകണ്ട് ബയർമാർ പ്രമുഖ വിപണികളിൽനിന്ന് അകന്നത് ചൈനീസ് മാർക്കറ്റിനെ മാത്രമല്ല, ഏഷ്യയിലെ പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിലും തളർച്ചയ്ക്ക് കാരണമായി. ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ കരുത്ത് നിലനിർത്താൻ ക്ലേശിക്കുന്നു, മാസമധ്യം കിലോ 324 യെന്നിൽ ഇടപാടുകൾ നടന്ന റബറിനു പിന്നിട്ട വാരം 312 യെന്നിനു മുകളിൽ ഇടംപിടിക്കാനായില്ല.
304 യെൻ വരെ ഇടിഞ്ഞശേഷം 308ൽ നിലകൊള്ളുന്ന റബർ 290ലെ സപ്പോർട്ട് നിലനിർത്താൻ ഈ വാരം ശ്രമം നടത്തുമെങ്കിലും 321 യെന്നിനു മുകളിൽ സഞ്ചരിക്കാനുള്ള കരുത്ത് നിലവിൽ വിപണിക്കില്ല. ഓപ്പറേറ്റർമാർ വിൽപ്പനയ്ക്ക് കാണിച്ച തിടുക്കവും പുതിയ നിക്ഷേപകരുടെ അഭാവവും ഒസാക്കയിൽ റബറിനെ സമ്മർദത്തിലാക്കിയത് ഇടപാടുകാരെ സിംഗപ്പുർ, ചൈനീസ് വിപണികളിലും വിൽപ്പനയ്ക്ക് പ്രേരിപ്പിച്ചു.
നാളികേരോത്പന്നങ്ങൾക്കു വിലയിടിവ്
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിൽ നാളികേരോത്പന്നങ്ങളുടെ വില താഴ്ന്നു. വെളിച്ചെണ്ണയ്ക്ക് നവരാത്രി ഡിമാൻഡ് കൊപ്രയാട്ട് വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് സ്റ്റോക്ക് വിറ്റുമാറാൻ അവരെ പ്രേരിപ്പിക്കുന്നത്. കൊച്ചിയിൽ വെളിച്ചെണ്ണ വില 36,800 രൂപയിൽനിന്നും 36,600 രൂപയായി.

കൊപ്ര വില 300 രൂപ കുറഞ്ഞ് 21,700ൽ വ്യാപാരം നടന്നു. കൊപ്ര ക്ഷാമം തുടരുന്നതിനാൽ വില കൃത്രിമായി ഇടിക്കാനുള്ള വ്യവസായികളുടെ ശ്രമങ്ങൾ വിജയിച്ചില്ല. അതേ സമയം വിപണിയിലെ തളർച്ചയിൽ പരിഭ്രാന്തരായ സ്റ്റോക്കിസ്റ്റുകൾ എണ്ണ വിറ്റുമാറാൻ തിടുക്കം കാണിക്കുന്നുണ്ട്. കാങ്കയത്ത് എണ്ണ വില 650 രൂപ ഇടിഞ്ഞ് 32,350 രൂപയായി. അവിടെ കൊപ്ര വില കൊച്ചി മാർക്കറ്റിനെ അപേക്ഷിച്ച് 600 രൂപ ഉയർന്ന് 22,300 രൂപയിലാണ്.
സുഗന്ധവ്യഞ്ജന വിപണിയിൽ കിതപ്പ്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നവരാത്രി ആഘോഷങ്ങളിൽ അമർന്നതോടെ വാങ്ങലുകാർ സുഗന്ധവ്യഞ്ജന വിപണികളിൽനിന്നും അകന്നത് കുരുമുളകിനെ തളർത്തി. വാരാരംഭത്തിൽ 68,600 രൂപയിൽ വിപണനം നടന്ന മുളക് വില ശനിയാഴ്ച്ച 67,400ലേക്ക് ഇടിഞ്ഞു. വിപണിയിലെ തളർച്ചയിൽ പരിഭ്രാന്തരായി ഉത്പാദന മേഖലകളിലെ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിറ്റുമാറി.

അതേ സമയം ദീപാവലിക്ക് ഇനിയും രണ്ടാഴ്ച ശേഷിക്കുന്നതിനാൽ പുതിയ ആവശ്യക്കാരെത്തുമെന്ന നിഗമനത്തിലാണു കർഷകർ. വാരത്തിന്റെ രണ്ടാം പകുതിയിലെ കനത്ത മഴയിൽ ഹൈറേഞ്ചിൽ വ്യാപക കൃഷി നാശം സംഭവിച്ചതായി കർഷകർ. വിവിധ ജില്ലകളിലെ ഒട്ടുമിക്ക തോട്ടങ്ങളിലും തിരികളിൽനിന്നും മുളക് മണികൾ അടർന്നു വീണെങ്കിലും നാശനഷ്ടം സംബന്ധിച്ച് ഉത്പാദകർക്ക് വ്യക്തമായ കണക്കെടുക്കാനായിട്ടില്ല. ഇക്കാര്യത്തിലെങ്കിലും കൃഷി വകുപ്പ് ഉണർന്ന് പ്രവർത്തിക്കുമെന്ന വിശ്വാസത്തിലാണ് കാർഷിക കേരളം.
ഏലം വിളവെടുപ്പ് ഊർജിതം, പുതിയ ചരക്ക് വിറ്റുമാറാൻ കർഷകരും ഉത്സാഹിച്ചു. സീസൺ കാലയളവിൽ മെച്ചപ്പെട്ട വില ലേലത്തിൽ ഉറപ്പു വരുത്താനായത് കർഷകർക്ക് ആത്മവിശ്വാസം പകർന്നു. പല ഭാഗങ്ങളിലും മികച്ചയിനം ഏലമാണ്് വിളവെടുക്കുന്നത്. ഇതിനിടയിൽ ലേലത്തിലെ ചരക്ക് പ്രവാഹവും വാങ്ങലുകാരുടെ പിന്മാറ്റവും മൂലം ശരാശരി ഇനങ്ങൾക്ക് 2500 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 2393ലേക്ക് ഇടിഞ്ഞു. ആഭ്യന്തര വ്യാപാരികൾക്ക് ഒപ്പം കയറ്റുമതിക്കാരും ഏലക്ക സംഭരിക്കുന്നുണ്ട്. നവരാത്രി ആഘോഷങ്ങൾ കഴിയുന്നതോടെ ആഭ്യന്തര ഇടപാടുകാർ ലേലത്തിനു തിരിച്ചെത്തും.